ശ്രീനഗർ: പൂഞ്ച് നിയന്ത്രണ രേഖയ്‌ക്ക് സമീപം ഭീകരർക്കായി വ്യാപക തെരച്ചിൽ. ബഗ്യൽദാരയിലുണ്ടായ വെടിവയ്പ്പിനെ തുടർന്നാണ് ഭീകരർക്കായുള്ള തെരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയത്.
നുഴഞ്ഞുകയറ്റക്കാർ നിയന്ത്രണ രേഖയ്‌ക്ക് സമീപമെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം സുരക്ഷാ സേനയ്‌ക്ക് ലഭിച്ചിരുന്നു. കശ്മീരിൽ മഞ്ഞുകാലം ആരംഭിച്ചതിനാൽ അതിർത്തി കടന്ന് ഭീകരർ എത്താനുള്ള സാധ്യതയും കൂടുതലാണ്. ഇതേത്തുടർന്ന് ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ചിദാനന്ദപുരി ബഗ്യൽദര വില്ലേജിൽ ഇന്നലെ രാത്രിയിൽ ചില സംശയകരമായ നീക്കങ്ങൾ സുരക്ഷാസേനയുടെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് സൈന്യം ഈ ഭാഗത്തേക്ക് വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. തുടർന്നാണ് വ്യാഴാഴ്ച രാവിലെ മുതൽ മേഖലയിൽ തെരച്ചിൽ ശക്തമാക്കിയത്.
നിലവിൽ ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. നിയന്ത്രണ രേഖയ്‌ക്ക് സമീപം കർശന പരിശോധനകൾ നടക്കുന്നുണ്ട്. പൂഞ്ചിലെ വിവധ പ്രദേശങ്ങളിൽ സുരക്ഷ ശക്തമാക്കിയതായും സൈന്യം വ്യക്തമാക്കി.
അതേസമയം ഇന്നലെ അവന്തിപ്പോറയിലുണ്ടായ ഭീകരാക്രമണത്തിൽ സൈനികന് വെടിയേറ്റിരുന്നു. അവധിയിലായിരുന്ന സൈനികൻ മുഷ്താഖിനാണ് വെടിയേറ്റത്. ഇദ്ദേഹത്തിന്റെ കാലിന് പരിക്കേറ്റിരുന്നു. സൈനികന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.