55-ാമത് ഗോവ ചലച്ചിത്ര മേളയിൽ തിളങ്ങിയ നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് പ്രേക്ഷകർക്കായി എത്തുന്നു. ഫൈനൽസ് എന്ന ചിത്രമൊരുക്കിയ പി ആർ അരുണാണ് ഫാർമ സംവിധാനം ചെയ്തത്. ഉണ്ട, ജയിംസ് ആൻഡ് ആലിസ്, ഇവിടെ, പോക്കിരി സൈമൺ എന്നീ ചിത്രങ്ങൾ നിർമിച്ച കൃഷ്ണൻ സേതുകുമാറാണ് ഫാർമ നിർമിച്ചിരിക്കുന്നത്. കേരള ക്രൈം ഫയൽസ്, മാസ്റ്റർപീസ് എന്നീ വെബ് സീരീസുകൾക്ക് ശേഷം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് വെബ് സീരീസ് റിലീസ് ചെയ്യുന്നത്.
നവംബർ 27-ന് ഗോവയിൽ നടന്ന ചലച്ചിത്രമേളയിൽ ഫാർമ പ്രദർശിച്ചിരുന്നു. വെബ് സീരീസിലെ അഭിനേതാക്കളായ നരേൻ, ശ്രുതി രാമചന്ദ്രൻ, രജിത് കപൂർ, ആലേഖ് കപൂർ, വീണ നന്ദകുമാർ എന്നിവരും ടെക്നീഷ്യന്മാരും പങ്കെടുത്തിരുന്നു. വ്യത്യസ്തത നിറഞ്ഞ കഥയിലൂടെയും ആവിഷ്കാര മികവിലൂടെയും പ്രേക്ഷകരുടെ സ്വീകാര്യത വെബ് സീരീസ് നേടിയെടുത്തു.
ഒരു സാധാരണ സെയിൽസ്മാന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന ഫാർമയിൽ വ്യത്യസ്തമായ കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. സീരീസിന്റെ സാങ്കേതിക മികവിനെ കുറിച്ച് മികച്ച അഭിപ്രായങ്ങളായിരുന്നു പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. നൂറോളം കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഫാർമയിലെത്തിയതെന്ന് സംവിധായകൻ അരുൺ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.