കോഴിക്കോട് : മുനമ്പത്തെ ഭൂമി വിവാദത്തിൽ ശ്രദ്ധേയമായ വഴിത്തിരിവാകുന്ന നിർണ്ണായകമായ സംഭവവികാസം ഇന്നുണ്ടായേക്കും. മുനമ്പം ഭൂമിയുടെ ക്രയ വിക്രയാധികാരമുള്ള ഉടമസ്ഥാവകാശം ഉണ്ടായിരുന്ന ഫാറൂഖ് കോളേജ് നൽകിയ അപ്പീൽ ഇന്ന് വഖ്ഫ് ട്രൈബ്യൂണൽ പരിഗണിക്കും. മുനമ്പത്തെ ഭൂമി വഖ്ഫ് അല്ലെന്നാണ് ഫാറൂഖ് കോളേജിന്റെ അഭിപ്രായം.
ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ രണ്ട് ഹർജികളാണ് ട്രൈബ്യൂണൽ പരിഗണിക്കുന്നത്.2019ൽ മുനമ്പം വഖ്ഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോർഡിന്റെ വിധി,ഭൂമിയിൽ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിൻവലിക്കണമെന്നാണ് ഫറൂഖ് കോളേജ് മാനേജ്മെന്റിന്റെ ഹർജികൾ.ഭൂമി ദാനം ലഭിച്ചതാണെന്നാണ് കോളജ് ട്രൈബ്യൂണലിൽ ഉന്നയിച്ചത്.
ഫാറൂഖ് കോളജിന് ഭൂമി നല്‍കിയ സിദ്ദിഖ് സേഠിന്റെ കുടുംബവും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു.ഭൂമി വഖ്ഫ് ഭൂമിയാണെന്ന വാദമാണ് സിദ്ദിഖ് സേഠിന്റെ കുടുംബത്തിന്റെത്. ഇതേ വാദവുമായി വഖ്ഫ് സംരക്ഷണ സമിതിയും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകളും ട്രൈബ്യൂണല്‍ പരിഗണിക്കും. വഖ്ഫ് ഭൂമി ആണെന്ന് തെളിയിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാമെന്നാണ് വഖ്ഫ് സംരക്ഷണ സമിതി അറിയിച്ചിട്ടുള്ളത്.