കൊച്ചി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നൽകിയ മാർഗനിർദ്ദേശങ്ങൾക്ക് എതിരെ ക്ഷേത്രോത്സവ സംഘാടക സമിതികൾ രംഗത്ത്. നിലവിലെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നൽകിയത്. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്ന ബെഞ്ച് വിഷയം കൃത്യമായി പഠിച്ചിട്ടില്ലെന്നും തീരുമാനങ്ങൾ കേരളത്തിന്റെ പൈതൃകത്തെ നശിപ്പിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസിന് നൽകിയ മെമ്മോറാണ്ടത്തിലുള്ളത്.
വിദേശ ഫണ്ടിംഗ് നടത്തുന്ന എൻ.ജി.ഒയുമായി ജഡ്ജിമാർക്ക് ബന്ധമുണ്ട്. മതപരമായ ആചാരങ്ങളിൽ ഡിവിഷൻ ബെഞ്ച് കടന്നുകയറി അനാവശ്യ പരാമർശങ്ങൾ നടത്തി ഹിന്ദുക്കളെ അവഹേളിച്ചുവെന്നും ആന എഴുന്നള്ളിപ്പ് വിഷയം കൈകാര്യം ചെയ്യുന്നതിൽ ബെഞ്ച് മാറ്റം വേണമെന്നുമാണ് ആവശ്യം. നിഷ്പക്ഷത ഉറപ്പാക്കാൻ ഹർജി പരിഗണിക്കുന്ന ബെഞ്ച് പുനഃസംഘടിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രായോഗികമല്ലെന്ന വിമർശനവും മെമ്മോറാണ്ടത്തിൽ ചൂണ്ടിക്കാട്ടുന്നു.
തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി മാർഗനിർദേശങ്ങൾ ലംഘിച്ചതാണ് ഡിവിഷൻ ബെഞ്ചിന്റെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയത്. വൃശ്ചികോത്സവത്തിന്റെ ഭാഗമായി നടന്ന ആന എഴുന്നള്ളിപ്പില്‍ ഹൈക്കോടതിയുടെ നിർദേശങ്ങൾ അവഗണിക്കപ്പെട്ടിരുന്നു. ഇത് ഹൈക്കോടതിയുടെ അധികാരത്തെ പരസ്യമായി വെല്ലുവിളിക്കുന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെതിരെ പരാതി ഉയർന്നത്.