ലക്നൗ: രാഷ്‌ട്രമെന്ന ചിന്ത എല്ലാത്തിനുമുപരിയായി ജനമനസിൽ ഇടംപിടിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മത്തിന്റെ മൂല്യങ്ങൾക്ക് അനുസൃതമാകണം നമ്മുടെ പ്രവൃത്തികളെന്നും അദ്ദേഹം പറഞ്ഞു.
നാം ചെയ്യുന്ന ഓരോ ജോലിയും ഈ രാജ്യത്തിന് വേണ്ടിയുള്ളത് കൂടിയാകണം. രാജ്യം സുരക്ഷിതമാണെങ്കിൽ മതവും സുരക്ഷിതമായിരിക്കും. മതം സുരക്ഷിതമെങ്കിൽ നാം ഓരോരുത്തരും സുരക്ഷിതരായിരിക്കുമെന്നും യോഗി ആദിത്യനാഥ് പ്രതികരിച്ചു. വാരാണസിയിൽ സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
യഥാർത്ഥ സന്യാസി അധികം സംസാരിക്കില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് നടത്തിയ പരാമർശത്തിനും യോഗി മറുപടി നൽകി. യഥാർത്ഥ സന്യാസിക്ക് നിസംഗത പാലിച്ചിരിക്കാൻ സാധിക്കില്ലെന്നായിരുന്നു യോഗിയുടെ മറുപടി. സമൂഹത്തിൽ എന്തെങ്കിലും തെറ്റ് സംഭവിക്കുമ്പോൾ നിശബ്ദനായ കാഴ്ചക്കാരനായി സന്യാസിക്ക് തുടരാനാവില്ലെന്ന് യോഗി അഭിപ്രായപ്പെട്ടു. കുറച്ച് മാത്രം സംസാരിച്ച് ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് യഥാർത്ഥ സന്യാസിമാരെന്ന വിമർശനത്തിനാണ് യോഗി മറുപടി നൽകിയത്.