ബ്രിസ്‌ബേൻ: സ്വന്തം തട്ടകത്തിൽ ഇന്ത്യക്കെതിരെ ഏകദിന പരമ്പര തൂത്തുവാരി ഓസ്‌ട്രേലിയൻ വനിതാ ടീം. രണ്ടാം ഏകദിനത്തിൽ ഇന്ത്യയെ 122 റൺസിന് തകർത്താണ് ഓസീസ് പരമ്പര സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ തന്റെ കന്നി സെഞ്ച്വറി (101) നേടി ജോർജിയ വോളും ക്ലാസിക് സെഞ്ച്വറിയുമായി (105) കളം നിറഞ്ഞ എല്ലിസ് പെറിയും ചേർന്നാണ് ആധികാരിക ജയത്തിന് അടിത്തറയിട്ടത്.
ഏകദിനത്തിലെ ഓസ്‌ട്രേലിയയുടെ മൂന്നാമത്തെ ഏറ്റവും ഉയർന്ന സ്‌കോറാണ് ബ്രിസ്‌ബേനിൽ പിറന്നത്. 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ പടുത്തുയർത്തിയ 371 റൺസ് ലക്ഷ്യത്തിനുമുന്നിൽ ഇന്ത്യൻ ബാറ്റിംഗ് നിര അടിയറവ് പറഞ്ഞു. റിച്ച ഘോഷിന്റ അർദ്ധ സെഞ്ച്വറിയും 54 (72 ) 45 പന്തിൽ 46 റൺസെടുത്ത മലയാളി താരം മിന്നുമണിയുടെ ഓൾറൗണ്ട് പ്രകടനവുമാണ് ഇന്ത്യൻ നിരയിൽ എടുത്തുപറയാനുള്ളത്. മിന്നു മത്സരത്തിൽ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 38 (42) റൺസെടുത്ത് പുറത്തായപ്പോൾ ഓപ്പണറായിറങ്ങിയ സ്‌മൃതി മന്ദാന (9 )രണ്ടക്കം കാണാതെ മടങ്ങി. 43 (39) റൺസെടുത്ത ജെമീമ റോഡ്രിഗസും വാലറ്റത് പിടിച്ചു നിന്ന മിന്നുമണിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും 44 .5 ഓവറിൽ 249 റൺസുമായി ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
39 റൺസ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകൾ വീഴ്‌ത്തിയ അനബെൽ സതർലാൻഡ് ഓസീസ് ബൗളിംഗ് നിരയിൽ തിളങ്ങി. മേഗൻ ഷട്ട്, കിം ഗാർത്ത്, ആഷ്ലീഗ് ഗാർഡ്നർ, സോഫി മോളിനക്സ്, അലാന കിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. സെഞ്ച്വറി നേടിയ എല്ലിസ പെറിയാണ് കളിയിലെ താരം.