ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ദക്ഷിണാഫിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയെ 109 റൺസിന് തകർത്ത പ്രോട്ടീസ് പരമ്പര 2-0 ന് സ്വന്തമാക്കി. അതേസമയം പരമ്പര കൈവിട്ട ശ്രീലങ്ക പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്.
ഡർബനിൽ നടന്ന ആദ്യ ടെസ്റ്റിൽ ലങ്ക ദക്ഷിണാഫ്രിക്കയോട് 233 റൺസിന്റെ നാണംകെട്ട തോൽവി വഴങ്ങിയിരുന്നു. രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ക്യാപ്റ്റൻ ടെംബ ബാവുമയും റയാൻ റിക്കൽട്ടണും ചേർന്ന് നേടിയ 133 റൺസിന്റെ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഒന്നാം ദിനം 269/7 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം ദിനം പുനരാരംഭിച്ചപ്പോൾ 48 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ-ബാറ്റർ കൈൽ വെറെയ്‌നെ സ്കോർ 358 ലെത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പോരാട്ടം 328 ൽ അവസാനിച്ചു. 20 റൺസ് ലീഡുമായി മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 317 റൺസ് കൂട്ടിച്ചേർത്തു. അവസാനദിനം ശ്രീലങ്കയെ 238 ന് പുറത്താക്കി നേടിയ 109 റൺസിന്റെ വിജയം ദക്ഷിണാഫ്രിക്കയെ പോയിന്റ് ടേബിളിലും മുന്നിലെത്തിച്ചു. ശ്രീലങ്കയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ ഇപ്പോഴും സജീവമാണ്. ജനുവരിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇനി ടീമിന് മുന്നിലുള്ളത്.