സ്റ്റോക്ക്ഹോം: റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്‌ക്കെതിരായ പീഡനക്കേസിൽ അന്വേഷണം അവസാനിപ്പിച്ച് സ്വീഡിഷ് പ്രോസിക്യൂട്ടർ. റയൽ മാഡ്രിഡ് താരം ഒക്ടോബറിൽ സ്റ്റോക്ക്ഹോം സന്ദർശിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് മതിയായ തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിച്ചത്. അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രോസിക്യൂട്ടർ മറീന ചിരക്കോവയാണ് കേസന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചത്.
“ബലാത്സംഗത്തിലും രണ്ട് ലൈംഗിക അതിക്രമ ക്കേസുകളിലുമാണ് അന്വേഷണം നടന്നിരുന്നത്. എന്നാൽ മതിയായ തെളിവുകൾ ഇതുവരെയും ലഭിക്കാത്തതിനാൽ അന്വേഷണം അവസാനിപ്പിക്കുകയാണ്. സംശയകരമായ ഒന്നും തന്നെ കണ്ടെത്താൻ കഴിയാത്തതിനാൽ കുറ്റാരോപിതന് നോട്ടീസ് അയച്ചിട്ടില്ല,” മറീന മാദ്ധ്യമങ്ങളോട് പറഞ്ഞു.
എംബാപ്പെ തന്റെ സുഹൃത്തുക്കളോടൊപ്പം സ്വീഡനിലേക്ക് നടത്തിയ സ്വകാര്യ യാത്രയാണ് പീഡന ആരോണങ്ങളിലേക്ക് നയിച്ചത്. ഒക്ടോബർ 10 ന് സ്റ്റോക്ക്ഹോമിലെ ഹോട്ടലിൽ വച്ച് പീഡനം നടന്നുവെന്ന പരാതിയിൽ സ്വീഡന്റെ പ്രോസിക്യൂഷൻ അതോറിറ്റി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഫുടബോൾ താരത്തിന്റെ പേര് ഒരുഘട്ടത്തിലും അന്വേഷണസംഘം വെളിപ്പെടുത്തിയിരുന്നില്ല.
അതേസമയം നിരവധി മാദ്ധ്യമങ്ങൾ എംബാപ്പെയ്‌ക്കെതിരായാണ് അന്വേഷണമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. എംബപ്പേയും അദ്ദേഹത്തിന്റെ നിയമസംഘവും ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. ഇതുനുപിന്നാലെയാണ് അന്വേഷണം അവസാനിപ്പിക്കുന്നതായുള്ള സ്വീഡിഷ് പ്രോസിക്യൂഷന്റെ പ്രസ്താവന.















