സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 74-ാം പിറന്നാൾ ആഘോഷത്തിലാണ് തമിഴകം. രാജ്യത്തൊട്ടാകെ ആരാധവൃന്ദമുള്ള താരത്തിന്റെ പിറന്നാൾ, ആഘോഷമാക്കുന്ന ആരാധകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയാണ്. ഹിറ്റ് സിനിമകളിലൂടെയും മാസ് ഡയലോഗുകളിലൂടെയും പ്രേക്ഷകരുടെ മനം കവർന്ന തലൈവർക്ക് പ്രേക്ഷക ഹൃദയങ്ങളിൽ ഇപ്പോഴും 20 വയസാണ്. പുറത്തിറങ്ങുന്ന ഓരോ രജനികാന്ത് സിനിമകളും ആഘോഷം പോലെയാണ് ആരാധകർ കൊണ്ടാടുന്നത്. അതുപോലെയാണ് രജനികാന്തിന്റെ പിറന്നാളും അവർ ആഘോഷിക്കുന്നത്.
ബസ് ഡ്രൈവറിൽ നിന്ന് സൂപ്പർ സ്റ്റാറായ രജനികാന്ത് എന്നും ആരാധകർക്കൊരു കോരിത്തരിപ്പാണ്. രജനികാന്തിനോടുള്ള ആദരസൂചകമായി ക്ഷേത്രമുൾപ്പെടെ ആരാധകർ സ്ഥാപിച്ചിട്ടുണ്ട്. ആഘോഷങ്ങളുടെ ഭാഗമായി മധുരൈ തിരുമംഗലത്തെ ക്ഷേത്രത്തിൽ രജനികാന്തിന്റെ പുതിയ പ്രതിമ സ്ഥാപിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. കഴിഞ്ഞ നാല് വർഷമായി ഇവിടെ താരത്തിന് വേണ്ടി പൂജകളും പ്രാർത്ഥനകളും നടത്താറുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ നേരത്തെയും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.
മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമാ മേഖലകളിൽ നിന്ന് നിരവധി താരങ്ങളും രജനികാന്തിന് ആശംസകൾ അറിയിച്ചു. എന്റെ തലൈവരെ…’ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ധനുഷിന്റെ പിറന്നാളാശംസകളും സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുകയാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയാണ് രജനികാന്തിന്റേതായി വരാനിരിക്കുന്ന ചിത്രം. കൂലി മെയ് ഒന്നിന് തിയേറ്ററുകളിലെത്തുമെന്നാണ് അനൗദ്യോഗിക വിവരം. ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തുന്നത്.















