ഹൈദരാബാദ്: അല്ലു അർജുനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാണെന്ന് രേവതിയുടെ ഭർത്താവ്. നടന്നത് ദാരുണമായ സംഭവമാണെന്നും എന്നാൽ അല്ലു അർജുന്റെ ഭാഗത്ത് തെറ്റില്ലെന്നും ഭർത്താവ് ഭാസ്‌കർ പറഞ്ഞു. കേസ് പിൻവലിക്കുന്നതിന് ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. പുഷ്പ-2ന്റെ പ്രീമിയർ ഷോയ്‌ക്ക് അല്ലു അർജുൻ എത്തിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിന് പിന്നാലെ നടൻ അറസ്റ്റിലായ സാഹചര്യത്തിലാണ് രേവതിയുടെ കുടുംബത്തിന്റെ പ്രതികരണം
” എന്റെ മകനാണ് പുഷ്പ 2 കാണണമെന്ന് ആവശ്യപ്പെട്ടത്. ഇതുപ്രകാരമാണ് ഞങ്ങൾ സന്ധ്യ തിയേറ്ററിലെത്തിയത്. അവിടേക്കെത്തിയ അല്ലുവിനെ കാണാനായി ജനങ്ങൾ തടിച്ചുകൂടുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടൻ തെറ്റ് ചെയ്തിട്ടില്ല. അദ്ദേഹത്തിനെതിരായ കേസ് പിൻവലിക്കാൻ തയ്യാറാണ്.”- ഭാസ്‌കർ പറഞ്ഞു.
അല്ലു അർജുനെ അറസ്റ്റ് ചെയ്ത വിവരം പൊലീസുകാർ അറിയിച്ചില്ല. ആശുപത്രിയിൽ ഇരുന്ന് മൊബൈൽഫോണിലാണ് താൻ വാർത്ത കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അല്ലുവിന് ബന്ധമില്ലെന്നും കേസ് പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബർ 5 നാണ് പുഷ്പ 2 പ്രദർശനത്തിനെത്തിയത്. ഇതിനിടെ സന്ധ്യ തിയേറ്ററിലേക്ക് സിനിമയുടെ പ്രമോഷനായി അല്ലു അർജുൻ എത്തുകയായിരുന്നു. താരത്തെ കാണാനായി വൻ ജനാവലിയാണ് തടിച്ചുകൂടിയത്. ഇതിനിടെ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന സ്ത്രീ മരിക്കുകയായിരുന്നു. ഇവരുടെ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ ചികിത്സയിലാണ്.
സംഭവത്തിൽ അല്ലു അർജുനെതിരെ കേസെടുത്ത പൊലീസ് ഇന്ന് രാവിലെ ജൂബിലി ഹൗസിലെത്തി താരത്തെ കസ്റ്റഡിയിലെടുത്തു. തെലങ്കാന നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അല്ലുവിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടിട്ടുണ്ട്. അറസ്റ്റിനെതിരെ അല്ലു അർജുൻ നൽകിയ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണ്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലുവിനെ അറസ്റ്റ് ചെയ്തത്.