സൂറിച്ച്: ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തെച്ചൊല്ലിയ വിവാദങ്ങള്‍ക്കിടെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോക്കെതിരെ പുതിയ ആരോപണം. യുവേഫ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്ത് അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുവേഫ ജീവനക്കാരിക്ക് ആറക്ക തുക നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്ലി ടെലിഗ്രാഫാണ് ആരോപണം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്‍ഫാന്റിനോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യുവേഫയിലെ ജീവനക്കാരിക്ക് സ്ഥാപനത്തില്‍ നിന്ന് വന്‍തുക ലഭിച്ചെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. യുവേഫ വിട്ടതിന് പിന്നാലെ ഒരു പ്രാദേശിക ബിസിനസ് സ്‌കൂളില്‍ എംബിഎ പഠിക്കുന്നതിനുള്ള ഫീസും ഇവര്‍ക്ക് യുവേഫ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2000 മുതല്‍ 2016 വരെയാണ് ഇന്‍ഫാന്റിനോ യുവേഫയില്‍ പ്രവര്‍ത്തിച്ചത്. ജനറല്‍ സെക്രട്ടറിയായിരുന്ന കാലയളവിലെ സാമ്പത്തിക ഇടപാടുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
എന്നാല്‍ ആരോപണങ്ങള്‍ ഇന്‍ഫാന്റിനോയും യുവേഫയും ശക്തമായി നിഷേധിച്ചു. ജീവനക്കാര്‍ സ്ഥാപനം വിടുമ്പോള്‍ നല്‍കുന്ന സാധാരണ ‘ഡിപ്പാര്‍ച്ചര്‍ പേയ്മെന്റ്’ മാത്രമാണ് നല്‍കിയതെന്നാണ് യുവേഫയുടെ വിശദീകരണം. അന്നത്തെ ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് തുക അനുവദിച്ചതെന്നും യുവേഫ വക്താവ് വ്യക്തമാക്കി. 2016ന് ശേഷം ഇത്തരം പേയ്മെന്റുകളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫാന്റിനോയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് യുവേഫയിലോ ഫിഫയിലോ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഫിഫ വ്യക്തമാക്കി. ആരോപണങ്ങള്‍ അപകീര്‍ത്തികരമാണെന്നും ഫിഫ വക്താവ് പ്രതികരിച്ചു. അതേസമയം, ലോകകപ്പിന്റെ വാണിജ്യ അവകാശങ്ങള്‍ സ്വകാര്യ കമ്പനിക്ക് കൈമാറാനുള്ള നീക്കം വിവാദമായതിന് പിന്നാലെയാണ് ഇന്‍ഫാന്റിനോക്കെതിരെ പുതിയ ആരോപണം ഉയരുന്നത്. ഇതോടെ ഫിഫ അധ്യക്ഷനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ വീണ്ടും ശക്തമായിരിക്കുകയാണ്.















