ബ്രിസ്ബെയ്ൻ: ഗാബ ടെസ്റ്റിൽ ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 405 റൺസാണ് ആതിഥേയർ അടിച്ചുക്കൂട്ടിയത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യൻ ബൗളർമാരെ അടിച്ചുപരത്തിയ ട്രാവിസ് ഹെഡ് സെഞ്ച്വറി തികച്ചു. 160 പന്തിൽ 152 റൺസാണ് ഇടംകൈയൻ നേടിയത്. തൊട്ടുപിന്നാലെ സ്റ്റീവൻ സ്മിത്തും സെഞ്ച്വറി (101) തികച്ചു. ഇരുവരെയും മടക്കി ബുമ്രയാണ് മത്സരത്തിൽ ഇന്ത്യക്ക് അല്പം ആശ്വാസം നൽകിയത്. ബുമ്രയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയെ പിടിച്ചുനിർത്തിയത്. അതേസമയം ഫോമിലായ ട്രാവിസ് ഹെഡിനെ പിടിച്ചുകെട്ടാൻ ഇന്നും ഇന്ത്യൻ ബൗളർമാർ എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെ തന്ത്രങ്ങളൊക്കെയും നിർവീര്യമാകുന്നതും ഗാബയിൽ കണ്ടു.
സെന(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് വീഴ്‌ത്തുന്ന ഇന്ത്യൻ പേസറെന്ന റെക്കോർഡും ബുമ്ര തന്റെ പേരിലാക്കി. കപിൽ ദേവിന്റെ (7) റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. ഇന്ത്യൻ പേസര്‍മാരില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളറെന്ന നേട്ടവും വലം കൈയൻ പേസർ സ്വന്തമാക്കി. അലക്സ് ക്യരി(45), മിച്ചൽ സ്റ്റാർക്(7) എന്നിവരാണ് ക്രീസിൽ തുടരുന്നത്. മാർനസ് ലബുഷെയ്ൻ(12) ഉസ്മാൻ ഖവാജ(21), നഥാൻ മക്സ്വീനി(12) പാറ്റ് കമ്മിൻസ്(20) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. മുഹമ്മദ് സിറാജിനും നിതീഷ് കുമാർ റെഡ്ഡിക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.