ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്ലുകൾ കേന്ദ്രനിയമമന്ത്രി അർജുൻ റാം മേഘ്‌വാളാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ആവശ്യത്തെത്തുടർന്ന് വിഷയം വോട്ടിനിടാൻ തീരുമാനിക്കുകയായിരുന്നു. ബിൽ അവതരണത്തിന് 269 എംപിമാരുടെ പിന്തുണലഭിച്ചു. അതേസമയം 198 പേർ എതിർത്തും വോട്ട് ചെയ്തു.
ഭരണഘടനയുടെ 129 ാം ഭേദഗതി ബില്ലായിട്ടാണ് ഇത് അവതരിപ്പിച്ചത്. അതേസമയം ബില്ലിനുള്ള പിന്തുണ അറിയിച്ച് ടിഡിപിയും ശിവസേന ഷിൻഡെ പക്ഷവും നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാൽ ബില്ലുകളുടെ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെത്തുടർന്നാണ് ബിൽ പരിഗണിക്കുന്ന വിഷയം വോട്ടിനിട്ട് തീരുമാനിച്ചത്. നിയമമന്ത്രി ഭരണഘടന ( 129 ാം ഭേദഗതി) ബിൽ, 2024, കേന്ദ്രഭരണ പ്രദേശങ്ങളുടെ നിയമങ്ങൾ (ഭേദഗതി) ബിൽ, 2024 എന്നിവ അവതരിപ്പിക്കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചപ്പോഴാണ് ഈ ആവശ്യം ഉയർന്നത്.
കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരി, ഡൽഹി, ജമ്മു കശ്മീർ, എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ ലോക്സഭാ തെരഞ്ഞെടുപ്പുമായി സംയോജിപ്പിക്കുന്നതാണ് കേന്ദ്ര ഭരണ പ്രദേശ ഭേദഗതി ബിൽ. ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനാണ് തീരുമാനം. എല്ലാ തലത്തിലും വിശദമായ ചർച്ചകൾ നടത്താൻ തയാറാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ സഭയെ അറിയിച്ചു. ജെപിസിയുടെ റിപ്പോർട്ട് കേന്ദ്രമന്ത്രിസഭാ അംഗീകരിക്കുമെന്നും ബിൽ പാർലമെന്റിൽ വീണ്ടും ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.