തൃശൂർ: ആനകളെ ഈശ്വരതുല്യം കാണുകയും തൊട്ടുതൊഴുകയും ചെയ്യുന്നതാണ് ഹിന്ദുവിന്റെ സംസ്‌കാരമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർവി ബാബു. തിരുവമ്പാടിയിൽ ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്ര ഏകോപന സമിതിയുടെയും നേതൃത്വത്തിൽ നടന്ന സംസ്ഥാനതല ഉത്സവ ആചാര സംരക്ഷണ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആന എഴുന്നെളളിപ്പിന് ഹൈക്കോടതി കടുത്ത മാർഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തിയതിനാൽ പ്രശസ്തമായ ഉത്സവങ്ങൾ പോലും പ്രതിസന്ധിയിലായ പശ്ചാത്തലത്തിലായിരുന്നു പരിപാടി. ആനകളെ പീഡിപ്പിക്കുന്നുവെന്നാണ് പറയുന്നത്. ആനകളെ ആരാണ് പീഡിപ്പിക്കുന്നതെന്ന് ആർവി ബാബു ചോദിച്ചു. ആനയൂട്ട് നടത്തുകയും സുഖചികിത്സ നടത്തുകയും ചെയ്യുന്ന സമൂഹം എങ്ങനെയാണ് അവയെ പീഡിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഒരാനയുടെയും കഴുത്തറുത്ത് ഒരു മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ബലി നൽകുന്ന സ്വഭാവം കേരളത്തിൽ നമ്മൾ കണ്ടിട്ടില്ലെന്നും ആർ.വി ബാബു പറഞ്ഞു.
ഹിന്ദു സമൂഹം ഒരുമിച്ച് ചിന്തിക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളെയും ക്ഷേത്രത്തിലെ സംസ്‌കാരത്തെയും സംരക്ഷിക്കാനും ഹിന്ദുസമൂഹത്തിന് ഹിന്ദുവായി ജീവിക്കാനും ഒരു വലിയ ജനകീയ മുന്നേറ്റം ആവശ്യമായിരിക്കുകയാണ്. ക്ഷേത്രങ്ങൾ കൈവശം വെച്ചുകൊണ്ടാണ് കവനന്റിന്റെ ഭാഗമായി ഉണ്ടാക്കിയ ഗാർഡ് ഓഫ് ഓണർ നൽകില്ലെന്ന് സർക്കാർ പറയുന്നതെന്ന് ആർ.വി ബാബു ചൂണ്ടിക്കാട്ടി.
ചില സമൂഹത്തിൽ മാത്രമാണ് നിയമം അടിച്ചേൽപ്പിക്കാൻ കോടതിയോ സർക്കാരോ പൊലീസോ ശ്രമിക്കുന്നത്. ലൈസൻസുളള അറവുശാലകളിലെ മൃഗങ്ങളെ കൊല്ലാൻ പാടുളളൂവെന്ന് ഹൈക്കോടതി പോലും പറഞ്ഞു. ആരും അനങ്ങുന്നില്ല. മൃഗങ്ങളെ കൊന്ന് പരസ്യമായി കെട്ടിത്തൂക്കരുതെന്ന് നിയമമുണ്ട്. പക്ഷെ ആര് അനുസരിക്കുന്നുവെന്ന് അദ്ദേഹം ചോദിച്ചു. ഇവിടെ ചിലർക്ക് മാത്രമാണ് നിയമം ബാധകമാകുന്നത്.
വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങളുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ ഇതിലെല്ലാം വെല്ലുവിളി നേരിടുകയാണ്. ക്ഷേത്ര ഉത്സവങ്ങൾ പ്രതിസന്ധിയിലാകുന്നു. കോടതി വിളക്കെന്ന് പറയാൻ പാടില്ലെന്ന് പറഞ്ഞ കോടതിയുടെ മുകളിൽ ക്രിസ്മസ് സ്റ്റാർ തൂങ്ങിക്കിടക്കുകയാണ്. ആ കോടതിയുടെ പരിസരത്തുളള സർക്കാർ ഓഫീസുകളിൽ തന്നെ ഒരു വിഭാഗത്തിന് വെളളിയാഴ്ചകളിൽ പ്രാർത്ഥനയ്‌ക്കായി രണ്ട് മണിക്കൂർ അനുവദിക്കുന്നുണ്ട്. അതെന്ത് മതേതരത്വമാണെന്ന് ആർ.വി ബാബു ചോദിച്ചു.