ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയ-ഇന്ത്യ ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് പ്രതീക്ഷിച്ചതുപോലെ സമനിലയിൽ. അഞ്ചാം ദിനത്തിലെ അവസാന സെഷൻ മഴ മൂലം തടസ്സപ്പെട്ടതോടെയാണ് മത്സരം സമനിലയായത്. ഏഴിന് 89 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്ത് ഓസീസ് 275 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. ഇന്ത്യ 2.1 ഓവറിൽ എട്ട് റൺസെടുത്ത് നിൽക്കെയാണ് മഴ വീണ്ടും എത്തിയത്. ഇതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു. സ്‌കോർ: ഓസ്ട്രേലിയ-445&89/7 ഡിക്ലയേർഡ്, ഇന്ത്യ- 260 &8/0.
ആദ്യ ഇന്നിങ്സിൽ 152 റൺസും രണ്ടാം ഇന്നിങ്സിൽ 17 റൺസും കൂടാതെ ഒരു വിക്കറ്റും നേടിയ ഓസീസിന്റെ ട്രാവിസ് ഹെഡ് ആണ് കൽയിലെ താരം. രണ്ട് ടെസ്റ്റുകൾ കൂടി ബാക്കി നിൽക്കെ, പരമ്പരയിൽ ഇരുടീമുകളും 1-1 നേടി ഒപ്പത്തിനൊപ്പം തുടരുകയാണ്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 260ൽ ഒതുക്കിയ ഓസ്ട്രേലിയൻ ടീം രണ്ടാം ഇന്നിംഗ്‌സിൽ ഏഴിന് 89 എന്ന നിലയിൽ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തിരുന്നു.
ഒന്നാം ഇന്നിംഗ്‌സിൽ 185 റൺസ് ലീഡ് നേടിയ ഓസ്‌ട്രേലിയയുടെ വിജയപ്രതീക്ഷയ്‌ക്ക് തിരിച്ചടിയായത് രണ്ടാം ഇന്നിങ്‌സിലെ കൂട്ടത്തകർച്ചയാണ്. 18 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെടുത്ത് നിൽക്കെ ഇന്ത്യയ്‌ക്ക് 275 റൺസിന്റെ വിജയലക്ഷ്യം നൽകി ഓസീസ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 22 റൺസ് നേടിയ പാറ്റ് കമ്മിൻസ് ആയിരുന്നു ഓസീസിന്റെ ടോപ് സ്‌കോറർ. 20 റൺസുമായി അലക്സ് ക്യാരിയും പുറത്താകാതെ നിന്നു. മൂന്ന് വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര, രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരാണ് ഓസീസിനെ തകർത്തത്. ഇതോടെ രണ്ട് ഇന്നിങ്സിലുമായി ബുമ്രയുടെ പക്കൽ ഒൻപത് വിക്കറ്റുകളായി.
രണ്ടാം ഇന്നിങ്സിൽ കളി ആരംഭിച്ച ഇന്ത്യ, വെളിച്ചക്കുറവിനെ തുടർന്നാണ് 2.1 ഓവറിൽ കളി നിർത്തിയത്. യശസ്വി ജയ്സ്വാൾ(4), കെ എൽ രാഹുൽ(4) എന്നിവരായിരുന്നു ക്രീസിൽ. പിന്നാലെ മഴ കൂടി വില്ലനായി എത്തിയതോടെയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. മെൽബണിലാണ് അടുത്ത മത്സരം നടക്കുന്നത്.















