ന്യൂഡൽഹി: വിരാട് കോലിയും കുടുംബവും ലണ്ടനിൽ സ്ഥിരതാമസമാകുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകൻ. കോലി ഭാര്യ അനുഷ്‍കാ ശർമയ്‌ക്കും മക്കളായ വാമികയ്‌ക്കും അകായ്‌ക്കുമൊപ്പമാകും ലണ്ടനിലേക്ക് സ്ഥിരതാമസത്തിനായി മാറുകയെന്ന് മുൻപരിശീലകനായ രാജ്കുമാർ ശർമ്മ സ്ഥിരീകരിച്ചു. വിരമിക്കലിനുശേഷം ഇവിടെ സമാധാനപൂർണയ കുടുംബ ജീവിതം നയിക്കാനാണ് താരം ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി പല അവസരങ്ങളും കോലിയും അനുഷ്‌കയും ലണ്ടനിലാണ് താമസിച്ചിരുന്നത്. ഇരുവർക്കും ഇവിടെ സ്വത്തുക്കളും വീടും ഉണ്ടെന്നാണ് സൂചന. ഈ വർഷമാദ്യം ഫെബ്രുവരിയിൽ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞ് അകായ് പിറന്നത് ലണ്ടനിലായിരുന്നു. കോലി മത്സരങ്ങൾക്കിടയിലും കുടുംബത്തോടൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്ന് പരിശീലകൻ പറഞ്ഞു. ഈ വർഷത്തിന്റെ ഭൂരിഭാഗവും കോലിയും കുടുംബവും ലണ്ടനിലായിരുന്നു. ഇന്ത്യയുടെ T20 ലോകകപ്പ് വിജയത്തിന് ശേഷം താരം വീണ്ടും കുടുംബത്തിന്റെ അടുക്കലേക്ക് മടങ്ങിയിരുന്നു.
ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കായി എത്തിയിരുന്നെങ്കിലും ലണ്ടനിലേക്ക് വിമാനം കയറിയ കോലി ഓഗസ്റ്റ് വരെ അവിടെ തങ്ങി. പിന്നീട് ഇന്ത്യയിൽ വച്ച് നടന്ന ബംഗ്ലാദേശ്, ന്യൂസീലൻഡ് ടീമുകൾക്കെതിരായ ടെസ്റ്റ് പരമ്പരയ്‌ക്കയാണ് തിരികെ നാട്ടിലെത്തിയത്. ഈ കാലയളവിൽ ഇന്ത്യയിൽ തുടർന്ന കോലി തന്റെ 36-ാം ജന്മദിനം കുടുബത്തിലെ പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിച്ചിരുന്നു. നിലവിൽ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ കളിക്കുന്ന കോലി കുടുംബസമേതം ഓസ്‌ട്രേലിയയിലാണ്.