ന്യൂഡൽഹി: ഡൽഹിയിലെ റെയ്‌സിന ഹില്ലിലുള്ള നോർത്ത്, സൗത്ത് ബ്ലോക്കുകൾ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമാക്കാൻ ഇന്ത്യ. ഇന്ത്യയുടെ ദേശീയ മ്യൂസിയവും ഫ്രഞ്ച് ഏജൻസിയായ ഫ്രാൻസ് മ്യൂസിയം ഡെവലപ്മെന്റ് കോർപറേഷനുമാണ് ഇതിനായി കരാറിൽ ഒപ്പിട്ടത്. ബ്രിട്ടീഷ് കാലത്തെ ഈ ചരിത്ര അവശേഷിപ്പുകളെ ഫ്രാൻസിന്റെ സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും സഹായത്തോടെ പുനർനിർമ്മിക്കുകയാണ് ലക്ഷ്യം.
കേന്ദ്ര സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാത്തൂ, കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി അരുണീഷ് ചൗള എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പദ്ധതി ഇന്ത്യക്കും ഫ്രാൻസിനുമിടയിലെ ഒരു പ്രധാന സാംസ്‌കാരിക സഹകരണമാണെന്നും ഇന്ത്യയുടെ മൃദുശക്തിയുടെ പ്രകടനമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ 5,000 വർഷത്തെ ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയം ഒരു ആഗോള സാംസ്കാരിക നാഴികക്കല്ലായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1911 നും 1931 നും ഇടയിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരായ സർ എഡ്വിൻ ലൂട്ടിയൻസും സർ ഹെർബർട്ട് ബേക്കറും ചേർന്ന് രൂപകൽപന ചെയ്ത ‘ ന്യൂ ഡൽഹി’ സാമ്രാജ്യത്തിന്റെ പ്രധാന ഘടകങ്ങളായിരുന്നു നോർത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും. ഏകദേശം 1.17 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണവുമുള്ള ഇവിടെ 950 ഓളം മുറികളുണ്ട്. ഇവയുടെ വാസ്തുവിദ്യ പൈതൃകം നിലനിർത്തിക്കൊണ്ടുതന്നെ സാംസ്കാരിക ചരിത്രം പ്രദർശിപ്പിക്കുന്ന മ്യൂസിയമായി നവീകരിക്കുകയാണ് ലക്ഷ്യം. സൗത്ത് ബ്ലോക്കിൽ നിലവിൽ വിദേശകാര്യ പ്രതിരോധ മന്ത്രാലയങ്ങളും നോർത്ത് ബ്ലോക്കിൽ ധനകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളുമാണ് പ്രവർത്തിക്കുന്നത്.