ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് ചിത്രം മാർക്കോയെ നെഞ്ചേറ്റി ആരാധകർ. മികച്ച ബുക്കിംഗാണ് ചിത്രത്തിന് ലഭിക്കുന്നത്. നിമിഷങ്ങൾ കൊണ്ട് തിയേറ്ററുകൾ ഹൗസ് ഫുള്ളാകുന്ന ഓൺലൈൻ ബുക്കിംഗ് സൈറ്റിന്റെ സ്ക്രീൻഷോട്ടുകൾ ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയ്‌ക്ക് പ്രേക്ഷകരോട് താരം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്നലെ തിയേറ്ററിലെത്തിയ ചിത്രം അഞ്ച് കോടിയിലധികം രൂപ നേടിയെന്നാണ് റിപ്പോർട്ട്. ഉണ്ണി മുകുന്ദന്റെ കരിയറിലെ മികച്ച ഓപ്പണിംഗാണിത്. ബുക്ക് മൈ ഷോ സൈറ്റിൽ ഒരു മണിക്കൂറിൽ 13,000-ത്തിലധികം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെടുന്നത്. ആക്ഷൻ ത്രില്ലർ സിനിമയാണ് മാർക്കോ. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇതുപോലെയൊരു സിനിമ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
വയലൻസ് നിറഞ്ഞ മാർക്കോയിൽ ഇമോഷണൽ സീനുകളും ധാരാളമുണ്ട്. ആദ്യ പകുതി ഫാമിലി പ്രേക്ഷകരെ പിടിച്ചിരുത്തിയ മാർക്കോ, രണ്ടാം പകുതിയിൽ ആക്ഷൻ രംഗങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ആവേശം പകർന്നു. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് സിനിമ കണ്ടിറങ്ങുന്നവരുടെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.
പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്സ്റ്റണാണ് സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമാ മേഖലയിൽ ഇത്രയും വയലൻസും ആക്ഷൻ സീനുകളുമുള്ള സിനിമ ഇനി ഉണ്ടാകില്ലെന്നാണ് പ്രേക്ഷകാഭിപ്രായം. ഉണ്ണി മുകുന്ദനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് സിദ്ദിഖും ജഗദീഷും ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്.