ന്യൂഡൽഹി: വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന പ്രതിസന്ധികളുമായി ബന്ധപ്പെട്ട് എബിവിപി പ്രതിനിധി സംഘം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന് നിവേദനം നൽകി. ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് വിദ്യാഭ്യാസ മന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്.
വിദ്യാഭ്യാസ മേഖലയിലെ വാണിജ്യവത്കരണം തടയുന്നതിനായി നയം വിഭാവനം ചെയ്യണമെന്നും ക്രമാതീതമായുള്ള ഫീസ് വർധന അവസാനിപ്പിക്കാൻ നടപടി വേണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദേശീയ വിദ്യാഭ്യാസ നയം എത്ര ഫലപ്രദമായി നടപ്പാക്കിയെന്നും, നടപ്പാക്കിയിട്ടില്ലെങ്കിൽ അതിന് പിന്നിലെ പ്രതിസന്ധിയെന്താണെന്നും കണ്ടെത്താൻ അവലോകന സമിതി ശ്രമിക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് പ്രവേശന നടപടികൾ കാര്യക്ഷമമാക്കാനായി ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (JoSAA) മാതൃക പിന്തുടരണമെന്നും എബിവിപി ആവശ്യപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലേസ്‌മെന്റ് സെല്ലിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം. ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം ഉറപ്പുവരുത്തണം. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ സമയബന്ധിതമായി പൂർത്തികരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ദേശീയ സെക്രട്ടറിമാരായ ശ്രാവൺ ബി രാജ്, രാഹുൽ റാണ, അങ്കിത് ശുക്ല, ശിവാംഗി ഖർവാൾ, ക്ഷമ ശർമ്മ, ആദിത്യ ടക്കിയാർ, കമലേഷ്, ദില്ലി സർവ്വകലാശാല യുണിയൻ വൈസ് പ്രസിഡന്റ് ഭാനു പ്രതാപ് സിംഗ്, സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു.