പായലിനെന്ത് കാര്യമെന്ന് കരുതുന്നവർക്ക് ഒരു പക്ഷേ കടൽപ്പായലിന്റെ മഹിമയെ കുറിച്ച് അറിയണമെന്നില്ല. എന്നാൽ സമുദ്രത്തിലെ ‘അത്ഭുത സസ്യ’മായാണ് കടൽപ്പായലിനെ കണക്കാക്കപ്പെടുന്നത്. കടൽപ്പായൽ കൃഷി അതിവേഗം വളരുകയാണ്. ഈ വളർച്ചയ്‌ക്ക് വളമേകാൻ വനിതകൾക്കും വനിതാ സംഘങ്ങൾക്കും സുവർണാവസരം.
കേന്ദ്രത്തിന്റെ പ്രധാൻ മന്ത്രി മത്സ്യ കിസാൻ സമൃദ്ധി സഹ-യോജനയുടെ ഉപപദ്ധതി ആയാണ് ഇതിനുള്ള സഹായം ലഭിക്കുന്നത്. ഫിഷറീസ്, അഗ്രികൾച്ചർ സൂക്ഷ്മ സംരംഭങ്ങൾക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായധനം നൽകുന്നത്. സ്ത്രീകൾക്കും പട്ടിക ജാതി- പട്ടികവർഗ വിഭാഗങ്ങൾക്കും നിക്ഷേപത്തിന്റെ 35 ശതമാനം അല്ലെങ്കിൽ 45 ലക്ഷം രൂപ വരെയും പൊതുവിഭാഗത്തിന് 25 ശതമാനം അല്ലെങ്കിൽ 35 ലക്ഷം രൂപ വരെയുമാണ് സഹായമായി നൽകുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ച് വായ്പ ലഭിക്കുന്നതിനും അവസരം ലഭിക്കും.
വിഴിഞ്ഞം, തിരുമല്ലവാരം, എലത്തൂർ, പുതിയാപ്പ, തിക്കോടി, പടന്ന, ബേക്കൽ എന്നീ ഏഴ് സ്ഥലങ്ങൾ കേന്ദ്ര സമുദ്ര ഗവേഷണ കേന്ദ്രം (സിഎംഎഫ്ആർഐ) സംസ്ഥാനത്ത് കടൽപ്പായൽ കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലെ 80 ഹെക്ടർ കടൽത്തീരം കടൽപ്പായൽ കൃഷിക്ക് അനുയോജ്യമാണെന്നാണ് കണ്ടെത്തൽ. കടൽപ്പായലിൽ നിന്ന് ലഭിക്കുന്ന രാസവസ്തുക്കൾ ഭക്ഷണം, സൗന്ദര്യവർദ്ധക വസ്തുക്കൾ, മരുന്ന് തുടങ്ങിയവയിലും ഉപയോഗിച്ചുവരുന്നു. ഇതിന്റെ സത്ത് ഹെൽത്ത് സപ്ലിമെൻ്റ് നിർമാണത്തിലും ഉപയോഗിക്കുന്നു.
കടലിലെ പാറകളിലോ പവിഴപ്പുറ്റുകളിലോ പറ്റിപ്പിടിച്ച് വളരുന്ന ചെറുസസ്യങ്ങളാണിവ. ഭക്ഷണമായും ഔഷധമായും ഉപയോഗിക്കാവുന്ന ഘടകങ്ങൾ ഇവയിലുണ്ട്. കാർബൺ ഡൈ ഓക്സൈഡിനെ വൻതോതിൽ ആഗിരണം ചെയ്യുന്നതിനാൽ കാലാവസ്ഥ വ്യതിയാനത്തെ ലഘൂകരിക്കാനും ഇവ സഹായിക്കുന്നു. മണ്ണിന്റെ കൃഷിയോഗ്യമാക്കുകയും ചെയ്യുന്നു.