ലഖ്നൗ : വിജയ് മെർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ ആന്ധ്രയ്‌ക്ക് ആറ് വിക്കറ്റ് നഷ്ടം. ആദ്യ ദിവസം കളി നിർത്തുമ്പോൾ ആന്ധ്ര ആറ് വിക്കറ്റ് നഷ്ടത്തിൽ 232 റൺസെന്ന നിലയിലാണ്. ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീഴ്‌ത്തി ബൗളർമാർ കേരളത്തിന് മികച്ച തുടക്കം നൽകിയെങ്കിലും ആ മുൻതൂക്കം നിലനിർത്താനായില്ല.
ഓപ്പണർ സമന്യു ദത്തയെ ദേവഗിരിയും തുടർന്നെത്തിയ ഭാനു ശ്രീഹർഷയെ അബ്ദുൾ ബാസിത്തുമാണ് പുറത്താക്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ ദേവ പ്രമോദും ഹർഷാ സായ് സാത്വികും ചേർന്ന 78 റൺസ് കൂട്ടുകെട്ട് ആന്ധ്രയ്‌ക്ക് തുണയായി. ഹർഷ സായ് 53 റൺസെടുത്ത് പുറത്തായെങ്കിലും ദേവപ്രമോദും രോഹൻ ഗണപതിയും ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നീക്കി.
ദേവപ്രമോദ് 45ഉം രോഹൻ ഗണപതി 73ഉം റൺസെടുത്തു. തുടർന്നെത്തിയ ശശാങ്ക് റെഡ്ഡി 26 റൺസെടുത്ത് തോമസ് മാത്യുവിന്റെ പന്തിൽ പുറത്തായി. കളി നിർത്തുമ്പോൾ ഗൗതം ആര്യയും നാഗ സായ് ചരണുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി ദേവഹിരി, അബ്ദുൾ ബാസിദ്, തോമസ് മാത്യു, അർജുൻ ഹരി എന്നിർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.