ന്യൂഡൽഹി: ജർമ്മനിയിൽ അഞ്ച് പേരുടെ ജീവനെടുക്കുകയും ഇന്ത്യൻ വംശജരുൾപ്പടെ 200-ലധികം പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത ക്രിസ്മസ് മാർക്കറ്റ് ആക്രമണവും 2019ൽ ശ്രീലങ്കയിൽ നടന്ന ഈസ്റ്റർ സ്‌ഫോടനവും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരപരാധികളുടെ ജീവനെടുക്കുന്ന ഈ അക്രമ സംഭവങ്ങൾ തന്റെ ഹൃദയത്തെ വേദനിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികൾക്കെതിരെ പോരാടാൻ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമത്രി അഭ്യർത്ഥിച്ചു. കാത്തലിക് ബിഷപ്പ് കോൺഫറൻസ് സംഘടിപ്പിച്ച ക്രിസ്മസ് പരിപാടിയിൽ സംസാരിക്കവെയാണ് ലോകത്തിന്റെ വിവിധയിടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചത്.
“ചിലർ അക്രമം വ്യാപിപ്പിക്കാനും സമൂഹത്തിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുന്നു. അടുത്തിടെ നടന്ന സംഭവങ്ങളിൽ എന്റെ ഹൃദയം വേദനിക്കുകയാണ്. ദിവസങ്ങൾക്ക് മുൻപ് ജർമനിയിലെ ക്രിസ്‌മസ് മാർക്കറ്റിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ കണ്ടു. 2019 ലെ ഈസ്റ്റർ സമയത്ത് ശ്രീലങ്കയിലെ പള്ളികൾ ആക്രമിക്കപ്പെട്ടു. ബോംബ് സ്‌ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഞാൻ കൊളംബോയിൽ പോയിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
താലിബാന്റെ വരവോടെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഫാദർ അലക്സിസ് പ്രേം കുമാറിനെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതിൽ അദ്ദേഹം തന്റെ സംതൃപ്തി അറിയിച്ചു. എട്ട് മാസത്തോളമാണ് ഫാദർ പ്രേം കുമാർ താലിബാന്റെ തടവിൽ ബന്ധിയായി കഴിയേണ്ടി വന്നത്. സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ ദൗത്യങ്ങളെല്ലാം വെറും നയതന്ത്രപരമായ കാര്യങ്ങൾ അല്ല, സ്വന്തം കുടുംബാംഗങ്ങളെ തിരികെയെത്തിക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ്. ഇന്ത്യക്കാർ എവിടെയായിരുന്നാലും എന്ത് പ്രതിസന്ധി നേരിട്ടാലും അവരെ സുരക്ഷിതമായി തിരികെയെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.