ചെന്നൈ: അണ്ണാ സർവകാശാല കാമ്പസിൽ ബി.ടെക് രണ്ടാം വർഷ വിദ്യാർത്ഥിനിയ്‌ക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് എബിവിപി. തലസ്ഥാന നഗരിയിൽ തന്നെ പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായിട്ടും, പ്രതികളെ പിടികൂടുന്നതിലും തുടർ നടപടി സ്വീകരിക്കുന്നതിലും പോലീസ് പരാജയപ്പെട്ടതായി എബിവിപി ചൂണ്ടിക്കാട്ടി.
ഞെട്ടലോടെയാണ് ഈ സംഭവത്തെ പൊതുസമൂഹം കാണുന്നതെന്ന് എബിവിപി കേന്ദ്ര പ്രവർത്തക സമിതിയംഗം ആർ. ഇന്ദുചൂഡൻ പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 23 ന് രാത്രി 7.45 നാണ് സർവകാശാല പരിസരത്ത് വെച്ച് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും രണ്ട് പേർ ആക്രമിച്ചത്. തുടർന്ന്, വിദ്യാർത്ഥിനിയെ ഈ ആക്രമിസംഘം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ തമിഴ്നാട്ടിലാകെ വർധിച്ചു വരുമ്പോഴും നിശബ്ദത പാലിക്കുന്നതിലൂടെ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ കെടുകാര്യസ്ഥതയിൽ മുൻപന്തിയിലാണെന്ന് വീണ്ടും തെളിയിക്കുകയാണെന്ന് പ്രസ്താവനയിൽ കുറ്റപ്പെടുത്തുന്നു. അക്രമികളെ ഉടനടി അറസ്റ്റ് ചെയ്ത്, വിദ്യാർത്ഥിനിക്ക് നീതി ഉറപ്പാക്കണമെന്നും, അല്ലാത്ത പക്ഷം ശക്തമായ പോരാട്ടങ്ങൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും എബിവിപി മുന്നറിയിപ്പ് നൽകി.
19 കാരിയായ വിദ്യാർത്ഥിനിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ ഒരാൾ അറസ്റ്റിലായതായി പൊലീസ് അറിയിച്ചിട്ടുണ്ട്. കോട്ടൂർപുരം സ്വദേശി ജ്ഞാനശേഖരൻ(37) ആണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈയും രംഗത്തെത്തിയിരുന്നു.