വിമർശകരുടെ വായടപ്പിക്കാനാകാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മെൽബൺ ടെസ്റ്റിൽ ഓപ്പണറായിറങ്ങിയ താരം 3 റൺസിന് പുറത്തായതോടെ വീണ്ടും വിമർശന ശരങ്ങൾ കൂടുകയാണ്. ക്യാപ്റ്റനെന്ന നിലയിൽ താരത്തിന്റെ തന്ത്രങ്ങളും തെരഞ്ഞെടുപ്പുകളും പാളിയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ബോക്‌സിംഗ് ഡേ ടെസ്റ്റിൽ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തിയ രോഹിത്തിന്റെ തീരുമാനം ഇതിനോടകം ചോദ്യം ചെയ്യപ്പെട്ടിരുന്നു.
മാറ്റങ്ങൾ കൊണ്ടുവന്നിട്ടും ബുമ്ര ഒഴികെ മറ്റാരിൽനിന്നും കാര്യമായ പ്രകടനം പുറത്തുകൊണ്ടുവരാൻ രോഹിത്തിനായിട്ടില്ല. സുനിൽ ഗവാസ്കറും രവി ശാസ്ത്രിയുമടക്കമുള്ള ഇതിഹാസതാരങ്ങൾ വരെ ഇതിനെ പരസ്യമായി വിമർശിച്ചു. പ്ലെയിംഗ് ഇലവനിൽ 2 സ്പിന്നർമാരെ ഉൾപ്പെടുത്താനുള്ള രോഹിത്തിന്റെയും പരിശീലകൻ ഗംഭീറിന്റെയും തീരുമാനത്തെ മെൽബൺ ടെസ്റ്റിന്റെ രണ്ടാം ദിവസം കമന്ററിയിലുണ്ടായിരുന്ന രവി ശാസ്ത്രി ചോദ്യം ചെയ്തു. “40 ഓവറുകൾക്ക് ശേഷം ബൗളിങ്ങിനായി 2 സ്പിന്നർമാരെ തെരഞ്ഞെടുത്തത് എന്തിനാണ്? ജഡേജയും സുന്ദറും 40 ഓവറുകൾക്ക് ശേഷം പന്തെറിഞ്ഞത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല” ശാസ്ത്രി അതൃപ്തി പ്രകടമാക്കി.
മിച്ചൽ സ്റ്റാർക്കിനെതിരെയുള്ള രോഹിതിന്റെ ഫീൽഡിങ് പ്ലേസ്‌മെന്റുകളിലും രവി ശാസ്ത്രി നിരാശനായിരുന്നു. മധ്യനിരയിലെ ഇന്ത്യയുടെ ബൗളിംഗ് പ്രകടനം കണ്ട് സുനിൽ ഗവാസ്‌കറും രോഷം പ്രകടിപ്പിച്ചു. ജസ്പ്രീത് ബുമ്ര ഒഴികെ ഒരു ഇന്ത്യൻ പേസർക്കും അവസരം മുതലാക്കാനായില്ല. ന്യൂ ബോൾ അവസരം ഇന്ത്യൻ പേസർമാർ പാഴാക്കിയെന്നും ഗാവസ്‌കർ പറഞ്ഞു.