ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ. കനത്ത മൂടൽമഞ്ഞും മഴയും കാരണം ദൃശ്യപരത കുറവായതിനാൽ ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.14-ലധികം ട്രെയിനുകളാണ് വൈകിയോടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ ട്രെയിനുകൾ രണ്ട് മണിക്കൂർ വരെ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കും അവിടെ നിന്ന് തിരികെയുമുള്ള ട്രെയിനുകളാണ് വൈകുന്നത്. ഗോരഖ്ധാം എക്സ്പ്രസ്, കൈഫിയാത് എക്സ്പ്രസ്, വിക്രംശില എക്സ്പ്രസ്, എസ് ക്രാന്തി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ANVT ഹംസഫർ എക്സ്പ്രസ്, ജാലിയൻവാല ബി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകൾ 30 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയോടും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡൽഹിയിലെ വിവിധയിടങ്ങളിലായി കനത്ത മൂടൽമഞ്ഞും മഴയും അനുഭവപ്പെടുകയാണ്. ഡൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രിയുമാണ്.
കഴിഞ്ഞ 15 വർഷത്തിനിടെ ഡൽഹിയിൽ ഏറ്റവും അധികം മഴ ലഭിച്ച മാസമാണ് ഡിസംബറെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ പുലർച്ചെ ആരംഭിച്ച മഴ പകൽ മുഴുവൻ നീണ്ടുനിന്നിരുന്നു. 9.1 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ കഴിഞ്ഞ ദിവസം ലഭിച്ചത്. ഡൽഹിയിലെ പലയിടങ്ങളിലും കനത്ത മഴയാണ്. ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.