ചെന്നൈ: അണ്ണാ സർവകലാശാലയിലെ പീഡനക്കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. മൂന്ന് മുതിർന്ന വനിതാ IPS ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. കേസിന്റെ എഫ്ഐആർ ചോർന്നത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കണമെന്നും മദ്രാസ് ഹൈക്കോടതി അറിയിച്ചു.
ചെന്നൈ പൊലീസിനും ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർക്കും അണ്ണാ സർവകലാശാലയ്‌ക്കുമെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. എഫ്ഐആർ തയ്യാറാക്കിയത് മുതൽ എല്ലാ കാര്യങ്ങളിലും പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും FIRൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ഞെട്ടിപ്പിക്കുന്നതും അപലപനീയവുമാണെന്നും കോടതി നിരീക്ഷിച്ചു.
വനിതാ പൊലീസുദ്യോഗസ്ഥർ അടങ്ങുന്ന സ്റ്റേഷനിലാണ് FIR തയ്യാറാക്കിയിരിക്കുന്നത്. ”സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് പുരുഷസുഹൃത്തിനൊപ്പം രാത്രി വൈകി പുറത്ത് നിന്നു” തുടങ്ങിയ പരാമർശങ്ങൾ എഫ്ഐആറിലുണ്ട്. ഇത് പെൺകുട്ടിയുടെ അന്തസ്സിനെ ഹനിക്കുന്നതാണ്. ഇത്തരമൊരു ഭാഷയിൽ എഫ്ഐആർ തയ്യാറാക്കുന്നത് എങ്ങനെയാണെന്നും മദ്രാസ് ഹൈക്കോടതി ചോദിച്ചു. FIR ചോർച്ചയിൽ ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. വീഴ്ച വരുത്തിയവരിൽ നിന്നുതന്നെ ഈ തുക ഈടാക്കണമെന്നും കോടതി നിർദേശിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് സിറ്റി പൊലീസ് കമ്മീഷണർ നടത്തിയ വാർത്താസമ്മേളനത്തിൽ ”ഒരു പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും ഈ കേസിൽ മറ്റ് പ്രതികളില്ലെന്നും” പരാമർശിച്ചത് അന്വേഷണത്തെ മുൻവിധിയോടെ സമീപിക്കുന്നതിന് തുല്യമാണ്. ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയില്ലാതെ കമ്മീഷണർ വാർത്താസമ്മേളനം നടത്തിയത് ചട്ടലംഘനമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
പെൺകുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ അണ്ണാ സർവകലാശാലയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നത്. സർവകലാശാല അധികൃതർ പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകണം. രണ്ടാം വർഷ വിദ്യാർത്ഥിയായ പെൺകുട്ടിയുടെ തുടർന്നുള്ള പഠനചെലവ് (ഹോസ്റ്റൽ ഫീസ് ഉൾപ്പടെ) പൂർണമായും സർവകലാശാല ഏറ്റെടുക്കണം. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ഇനിയുള്ള സുരക്ഷ ഉറപ്പാക്കേണ്ടത് ഡിജിപിയുടെ ചുമതലയാണെന്നും കോടതി നിർദേശിച്ചു.