തിരുവനന്തപുരം: അടിയന്തര പരോൾ ലഭിക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസ് പ്രതി സൂരജ്. പിതാവിന് ഗുരുതര അസുഖമുണ്ടെന്ന് കാണിച്ചായിരുന്നു പരോൾ നേടാൻ ശ്രമിച്ചത്. തട്ടിപ്പ് കണ്ടെത്തിയ പൂജപ്പുര ജയിൽ അധികൃതർ സംഭവത്തിൽ സൂരജിനെതിരെ ജയിൽ സൂപ്രണ്ടിന് പരാതി നൽകി. വിഷയത്തിൽ സൂരജിനെയും അമ്മയെയും ചോദ്യം ചെയ്യും.
സൂരജ് നൽകിയ ആദ്യ പരോൾ അപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛന് അസുഖമാണെന്ന് കാണിച്ച് വീണ്ടും അപേക്ഷിച്ചത്. ഇതിൽ സംശയം തോന്നി കൂടുതൽ പരിശോധനകൾ നടത്തിയപ്പോഴാണ് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്ന് ജയിൽ അധികൃതർ കണ്ടെത്തിയത്. ഡോക്ടർ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ ‘ഗുരുതര രോഗമുണ്ട്’ എന്ന് എഴുതിച്ചേർക്കുകയായിരുന്നു. സൂരജിന്റെ അമ്മയായിരുന്നു വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ജയിൽ അധികൃതർക്ക് മുൻപിൽ ഹാജരാക്കിയത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂരജിന്റെ വീട്ടുകാരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നയാളാണ് സൂരജ്. 2020 മെയ് ഏഴിനായിരുന്നു ഉത്ര കൊല്ലപ്പെട്ടത്. 2021 ഒക്ടോബറിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുകയും ചെയ്തു.