ന്യൂയോർക്ക്: H-1B ബി വിസ നൽകുന്നതിനെ പിന്തുണച്ച് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നേരത്തെ H-1B വിസയെ എതിർത്തയാളായിരുന്നു ട്രംപ്. എന്നാൽ ഇലോൺ മസ്ക്, വിവേക് രാമസ്വാമി എന്നിവരുൾപ്പടെയുള്ള റിപ്പബ്ലിക്കൻ അനുകൂലികൾ H-1B വിസയെ അനുകൂലിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ മനംമാറ്റം. H-1B വിസയെ ”മഹത്തരമായ പദ്ധതി” എന്ന് വിശേഷിപ്പിച്ച ട്രംപ്, തന്റെ വസ്തുവകകളിൽ ധാരാളം H-1B ബി വിസകളുണ്ടെന്നും നിരവധി തവണ അത് താൻ ഉപയോഗിച്ചിട്ടുണ്ടെന്നും പ്രതികരിച്ചു. ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ തുറന്നുപറച്ചിൽ
അമേരിക്കയെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നും സാമ്പത്തികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നുൾപ്പടെയുള്ള ആശങ്കകൾ പ്രകടിപ്പിച്ച് തന്റെ ആദ്യ ടേമിൽ H-1B വിസയെ എതിർത്ത ട്രംപ് നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2016ൽ, ഈ വിസാ പദ്ധതിയെ ട്രംപ് അപലപിക്കുകയും ചെയ്തു. അമേരിക്കൻ തൊഴിലാളികളെ നിയമിക്കുന്നതിന് പകരം കുറഞ്ഞ ശമ്പളത്തിൽ വിദേശ പൗരന്മാരെ ജീവനക്കാരായി നിയമിക്കാൻ കമ്പനികൾ ഉപയോഗിക്കുന്ന മാർഗമാണ് H-1B വിസയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.
എന്നാലിപ്പോൾ മസ്കും വിവേക് രാമസ്വാമിയും ഉൾപ്പടെയുള്ളവർ പദ്ധതിയെ അനുകൂലിച്ച് രംഗത്തെത്തി. ഉത്പാദന രംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതിയെ പ്രയോജനപ്പെടുത്താമെന്ന നിർദേശവും ട്രംപിന് ലഭിച്ചു. ഇതോടെയാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് നിലപാട് മാറ്റിയത്.
പ്രൊഫഷണൽ യോഗ്യത നേടിയ വിദേശികളെ ജോലിക്ക് നിയമിക്കാൻ തൊഴിലുടമയ്ക്ക് അനുമതി നൽകുന്ന സംവിധാനമാണ് H-1B ബി വിസ. പ്രൊഫഷണൽ യോഗ്യത നേടിയവരും, സമാന യോഗ്യതയുള്ളവർക്കുമാണ് വിസ ലഭിക്കുക.