മാർക്കോയ്ക്ക് ഹിന്ദി പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയ്ക്ക് നന്ദി അറിയിച്ച് നടൻ ഉണ്ണി മുകുന്ദൻ. മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഹിന്ദിയിൽ സംസാരിക്കുന്ന ഉണ്ണി മുകുന്ദന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്. മാർക്കോ താരങ്ങളായ യുക്തി തെരേജ, കബീർ ദുഹാൻ സിംഗ് എന്നിവരോടൊപ്പമാണ് ഉണ്ണി മുകുന്ദൻ മാദ്ധ്യമങ്ങളെ കണ്ടത്.
സിനിമയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മുഴുവൻ ഹിന്ദിയിലാണ് താരം സംസാരിച്ചത്. ഹിന്ദി പ്രേക്ഷകർക്കിടയിൽ അധികം മുഖപരിചയം ഇല്ലാത്ത താരമായിട്ടും ഹിന്ദി പ്രേക്ഷകരിൽ നിന്ന് ലഭിച്ച വലിയ സ്വീകരണം അമ്പരിപ്പിച്ചു. അതുകൊണ്ടാണ് മുംബൈയിലെത്തി എല്ലാവരെയും നേരിട്ട് കണ്ട് നന്ദി പറയണമെന്ന് താൻ തീരുമാനിച്ചതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
മുംബൈയിലെത്തിയ ഉണ്ണി മുകുന്ദൻ തിയേറ്റർ സന്ദർശിക്കുകയും പ്രേക്ഷകരെ കാണുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ സമീപത്തേക്ക് പോയി എല്ലാവർക്കും ഷേക്ക്ഹാൻഡ് കൊടുക്കുന്ന താരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. മാർക്കോയിലെ പ്രകടനത്തിന് അഭിനന്ദനങ്ങൾ അറിയിക്കുകയാണ് പ്രേക്ഷകർ. വീഡിയോ വലിയ തോതിൽ പ്രചരിച്ചതിന് പിന്നാലെ രസകരമായ കമന്റുകളുമായി മലയാളി ആരാധകരും എത്തി. തങ്ങളുടെ താരത്തെ ബോളിവുഡ് കൊണ്ടുപോകുമോയെന്നും ഉണ്ണി മുകുന്ദന്റെ ഹിന്ദി കേട്ട് ഞെട്ടിയെന്നുമാണ് ആരാധകർ പറയുന്നത്.
വളരെ മികച്ച പ്രതികരണങ്ങളാണ് ഹിന്ദി പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മാർക്കോയ്ക്ക് ലഭിക്കുന്നത്. മാർക്കോയിലൂടെ ഹിന്ദിയിലും ഉണ്ണിമുകുന്ദൻ ആരാധകരെ സ്വന്തമാക്കിയെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. ഹിന്ദിയിൽ 34 സ്ക്രീനുകളിലാണ് മാർക്കോ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 350-ലധികം സ്ക്രീനുകളിലാണ് മാർക്കോ പ്രദർശനം തുടരുന്നത്.