കണ്ണൂർ: ഹൈന്ദവ ബിംബത്തെ അവഹേളിച്ച പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ. മയ്യിൽ വേളം മഹാഗണപതി ക്ഷേത്രക്കുളത്തിന്‍റെ കവാടത്തിൽ സ്ഥാപിച്ച സ്ത്രീ രൂപമാണ് അപമാനിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ ദിവസമാണ് പരാതിക്ക് ആസ്പദമായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നദീം എന്ന പേരുള്ള സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പ്രചരിച്ചത്. മയ്യിൽ വേളം മഹാഗണപതി ക്ഷേത്രക്കുളത്തിന്‍റെ കവാടത്തിൽ സ്ഥാപിച്ച സ്ത്രീ രൂപത്തിന്റെ ശരീരഭാഗങ്ങൾ അശ്ലീലമായ രീതിയിൽ തൊടുന്നതും മുഖത്ത് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവം വിവാദമാകുകയും വിമർശനം ഉയരുകയും ചെയ്തതിന് പിന്നാലെ യുവമോർച്ച കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അർജുൻ മാവിലാക്കണ്ടി ജില്ലാ പൊലീസ് മേധാവിക്കും മയ്യിൽ പൊലീസിനും പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആൺകുട്ടിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.