ചങ്ങനാശ്ശേരി : നായർ സമുദായ ആചാര്യനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന മന്നത്ത് പദ്മനാഭന്റെ 148–ാമതു ജയന്തി ഇന്ന്. ഇതിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ നടക്കും .
പെരുന്നഎൻ എസ് എസ് ആസ്ഥാനത്ത് ഇന്നലെയും ഇന്നുമായി വമ്പിച്ച ആഘോഷപരിപാടികളാണ് നടക്കുന്നത്. വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ (പെരുന്ന എൻ.എസ്.എസ്. ബോയ്സ് ഹൈസ്കൂൾ മൈതാനി) തയാറാക്കിയിരിക്കുന്ന മന്നം നഗറിലാണു ചടങ്ങുകൾ.
ഇന്ന് രാവിലെ 7 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചന. 10.45നു ജയന്തി സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. എം.ശശികുമാർ അധ്യക്ഷത വഹിക്കും. കെ.ഫ്രാൻസിസ് ജോർജ് എംപി അനുസ്മരണ പ്രഭാഷണം നടത്തും. എൻ എസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ട്രഷറർ എൻ.വി.അയ്യപ്പൻപിള്ള എന്നിവർ പ്രസംഗിക്കും.