ന്യൂഡൽഹി: ബോക്സിംഗ് ഡേ ടെസ്റ്റ് പരാജയത്തോടെ ഇന്ത്യൻ ടീമിനുള്ളിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തുവെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഡ്രസ്സിംഗ് റൂമിലെ ചർച്ചകളും അഭിപ്രായ വ്യത്യാസങ്ങളും പുറത്തുവരരുതെന്ന് ഗംഭീർ മുന്നറിയിപ്പ് നൽകിയെന്നാണ് റിപ്പോർട്ടുകൾ. ടീമിൽ നിലനിൽക്കണമെങ്കിൽ പ്രകടനം മെച്ചപ്പെടുത്തണമെന്ന വസ്തുത മാത്രമാണ് തൻ ടീമംഗങ്ങളോട് സംസാരിച്ചിട്ടുള്ളതെന്നാണ് ഗംഭീർ പറയുന്നത്.
ഡ്രസ്സിംഗ് റൂമിലെ അസ്വാരസ്യങ്ങളുണ്ടെന്ന് വാർത്ത തള്ളിയ ഗംഭീർ ഇവയെല്ലാം വെറും മാദ്ധ്യമസൃഷ്ടികളാണെന്നും സത്യങ്ങളല്ലെന്നും പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് ഗംഭീറിന്റെ പ്രതികരണം.
“സത്യസന്ധരായ ആളുകൾ ഡ്രസ്സിംഗ് റൂമിൽ തുടരുന്നത് വരെ ഇന്ത്യൻ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലായിരിക്കും. നിങ്ങളെ ഡ്രസ്സിംഗ് റൂമിൽ നിർത്തുന്നത് നിങ്ങളുടെ പ്രകടനമാണ്. സത്യസന്ധതയാണ് പ്രധാനം,” അദ്ദേഹം കൂട്ടിച്ചേർത്തു.
ടീം ആദ്യമെന്ന നിലപാടാണ് കളിക്കാർ സ്വീകരിക്കേണ്ടത്. ടീമിന് ആവശ്യമുള്ള രീതിയിലാണ് താരങ്ങൾ കളിക്കേണ്ടത്. വിരാട് കോലിയുമായും ക്യാപ്റ്റൻ രോഹിത് ശർമയുമായും മത്സരങ്ങൾ എങ്ങനെ ജയിക്കാമെന്നതല്ലാതെ മറ്റൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും ഗംഭീർ പറഞ്ഞു. അതേസമയം പേസർ ആകാശ് ദീപ് അഞ്ചാം ടെസ്റ്റിൽ ഉണ്ടാവില്ലെന്ന് ഗംഭീർ സ്ഥിരീകരിച്ചു. പകരക്കാരൻ ആരാകുമെന്ന കാര്യത്തിൽ തീരുമാനം വന്നിട്ടില്ല.