ലക്നൗ: മഹാകുംഭമേള അടുക്കുമ്പോൾ ആത്മീയതയിൽ നിറഞ്ഞ് പ്രയാഗ്രാജ്. കാവി വസ്ത്രം ധരിച്ചും പസ്മം പൂശിയും ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രയാഗ്രാജിലെത്തുന്നത്. അടൽ അഖാഡയിലെ അഘോരിമാരും മഹാകുംഭമേളയ്ക്കായി എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ മഹാകുംഭമേളയ്ക്ക് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് അടൽ അഖാഡയിലെ ആചാര്യൻ വിശ്വാസാനന്ദ് സരസ്വതി പറഞ്ഞു.
‘അതിഥി ദേവോ ഭവ’ എന്ന ഉത്തരവാദിത്തം നിറവേറ്റാൻ പ്രയാഗ്രാജ് പൂർണമായും സജ്ജമാണെന്നും പ്രയാഗ്രാജിന്റെ എല്ലാ മേഖലകളിലും ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രയാഗ്രാജിലെ ദിവ്യവും മഹത്തരവുമായ കുംഭമേള കാണാൻ എല്ലാവരെയും ക്ഷണിക്കുകയാണ്. ഇത്തവണ 45 കോടിയിലധികം വിശ്വാസികൾ കുംഭമേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ആധുനിക സാങ്കേതികവിദ്യകളോടെയാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 13- ന് ആരംഭിച്ച് ഫെബ്രുവരി 26 -നാണ് മഹാകുംഭമേള അവസാനിക്കുന്നത്. കുംഭമേളയോടനുബന്ധിച്ച് സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രയാഗ്രാജിൽ വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി 2,700 എഐ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
പ്രയാഗ്രാജിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ 20 ചെറിയ സ്റ്റേജുകൾ നിർമിക്കും. ഇവിടെ വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പൈതൃകം വിളിച്ചോതുന്ന നാടോടി നൃത്തരൂപങ്ങൾ ഈ വേദികളിൽ അവതരിപ്പിക്കും.