ന്യൂഡൽഹി: വീർ സവർക്കറെ വീണ്ടും അവഹേളിച്ച് കോൺഗ്രസ്. ഡൽഹി സർവകലാശാലക്ക് കീഴിൽ തുടങ്ങുന്ന പുതിയ കോളജിന് വി.ഡി സവർക്കറുടെ പേര് നൽകിയതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം എല്ലാം ഉന്നത സ്ഥാപനങ്ങൾക്കും കുടുംബാംഗങ്ങളുടെ പേരാണ് നെഹ്റു കുടുംബം നൽകി വന്നത്. മറ്റ് ധീരദേശാഭിമാനികളെ പാടേ അവഗണിക്കുന്ന നിലപാടാണ് നെഹ്റു കുടുംബം സ്വീകരിച്ചത്.
പുതിയ ക്യാമ്പസിന് പക്ഷെ മൻമോഹൻ സിംഗിന്റെ പേര് നൽകണമെന്നാണ് കോൺഗ്രസിന്റെ വിദ്യാർത്ഥിയുടെ സംഘടനയായ എൻഎസ്യുഐയുടെ ആവശ്യം. സവർക്കരുടെ പേരിന് പകരം മൻമോഹൻ സിംഗിന്റെ പേര് നൽകണമെന്ന ആവശ്യം ഉന്നയിച്ച് എൻഎസ്യുഐ പ്രധാനമന്ത്രിക്ക് കത്ത് നൽകി. സവർക്കർ രാഷ്ട്രത്തിന് നൽകിയ സംഭാവനകളെ ചെറുതായി കാണിക്കുന്നത് കോൺഗ്രസിന്റെ സ്ഥിരം ശൈലിയാണ്. സവർക്കറെ അവഹേളിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള രണ്ട് ക്യാമ്പസുകൾക്കാണ് പ്രധാനമന്ത്രി ഇന്ന് തറക്കലിടുന്നത്. നിജഫ്ഗഡിലുള്ള ക്യാമ്പസിനാണ് സവർക്കറുടെ പേര് നൽകുന്നത്. രണ്ടാമത്തെ ക്യാമ്പസിന് മുൻ വിദേശകാര്യമന്ത്രിയും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ സുഷമാ സ്വരാജിന്റെ പേരാണ് നൽകുന്നത്.