കോഴിക്കോട്: സനാതനധർമത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരുദേവൻ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സ്വാമി ചിദാനന്ദപുരി. ഹിന്ദുക്കൾ സംഘടിത വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ വരുന്നത്. ഇതിനെയൊക്കെ ഹിന്ദുക്കൾ ഒറ്റകെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
സനാതനധർമത്തിന്റെ പരമാചാര്യൻ ആയതുകൊണ്ടാണ് ഗുരുദേവൻ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പറഞ്ഞത്. ലോകത്തുള്ള എല്ലാവർക്കും സുഖമുണ്ടാകട്ടെ ശാന്തിയുണ്ടാകട്ടെ, ഏത് ആചാരമോ അനുഷ്ഠാനമോ ആയാലും എല്ലാവരും ഒരേ ഈശ്വരനിലേക്കാണ് എത്തിച്ചേരുന്നതെന്ന് ലോകത്തെ പഠിപ്പിച്ചത് സനാതധർമ്മമാണ്.
ഗുരുദേവൻ സനാതനധർമത്തിന്റെ വക്താവല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. അരുവിപ്പുറം മുതൽ ശിവക്ഷേത്രങ്ങളും ദേവീക്ഷേത്രങ്ങളും സുബ്രമണ്യക്ഷേത്രങ്ങളും കഴിഞ്ഞ് അവസാനം പ്രണവ പ്രതിഷ്ഠ വരെ ഗുരുദേവൻ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രതിഷ്ഠകളിൽ സനാതനധർമ സംബന്ധിയല്ലാത്ത ഒന്നെങ്കിലും കാണിച്ച് തരാൻ സാധിക്കുമോയെന്നും സ്വാമി ചോദിച്ചു.
ജീവിതത്തിലുടനീളം ആദ്ധ്യത്മിക പ്രഭാഷണങ്ങൾ ഗുരുദേവൻ നടത്തിയിട്ടുണ്ട്. ചരിത്രം ഇതായിരിക്കെ അദ്ദേഹം സനാതനധർമത്തിന്റെ വക്താവല്ലെന്ന് പറയുന്നത് മൗഢ്യം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. തള്ളിക്കളയേണ്ട മൂഢമായ ജൽപ്പനമായി മാത്രമേ അതിനെ ഗണിക്കാൻ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു സമൂഹം ഒറ്റെക്കെട്ടായി നിന്നാൽ ധർമവ്യവസ്ഥയെ അസ്ഥാനത്ത് വലിച്ചിഴയ്ക്കുന്നത് അവർ അവസാനിപ്പിക്കുമെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാട്ടി.