കൊച്ചി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. ജനുവരി ആറിന് രാവിലെ 10.15ന് ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഉത്തരവ് പറയുക.
നവീൻ ബാബുവിന്റെത് ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ ഇതിൽ സംശയമുണ്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് നവീന്റെ കുടുംബം. നവീൻ ബാബു ജീവനൊടുക്കാൻ സാധ്യതയില്ലെന്നും മൃതദേഹത്തിൽ കണ്ട രക്തക്കറ അടക്കമുള്ള കാര്യങ്ങൾ കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതായും ഹർജിയിൽ പറയുന്നു.
സിപിഎം നേതാവായ പിപി ദിവ്യ പ്രതിയായ കേസിൽ സത്യസന്ധമായ അന്വേഷണം കേരളാ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാൻ കഴിയാത്തതിനാൽ അന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. കോടതി ആവശ്യപ്പെട്ടാൽ കേസന്വേഷിക്കാൻ തയ്യാറാണെന്ന് സിബിഐയും നിലപാട് അറിയിച്ചിരുന്നു. എന്നാൽ സിബിഐയുടെ ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നത്. കേസിൽ ഹൈക്കോടതിയുടെ വിധി ഏറെ നിർണായകമാണ്.