തിരുവനന്തപുരം: ഗായകൻ പി. ജയചന്ദ്രന്റെ നിര്യാണത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുശോചിച്ചു. ‘ആറ് പതിറ്റാണ്ടോളം തലമുറകൾക്ക് ഒരുപോലെ ആനന്ദമേകിയ അദ്ദേഹത്തിന്റെ ഹൃദ്യമായ സ്വരം ജനമനസ്സുകളിൽ എന്നും സാന്ത്വനമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ആത്മാവിന് ശാന്തി നേരുന്നുവെന്നും ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരള ഗവർണർ എന്ന ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഗവർണറുടെ അനുശോചനം പുറത്തുവന്നത്. രാത്രി 7.53 ഓടെയാണ് തൃശൂർ അമല ആശുപത്രിയിൽ ഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചത്.
മലയാളത്തിലും തമിഴിലും ഉൾപ്പെടെ വിവിധ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങളാണ് പി. ജയചന്ദ്രന്റെ ശബ്ദത്തിൽ കാതിൽ തേൻമഴയായി പെയ്തിറങ്ങിയത്. കുറച്ചു നാളായി ചികിത്സയിലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം അപ്രതീക്ഷിതമായിരുന്നു.