അർബുദത്തെ അതിജീവിച്ച അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയെങ്കിലും യുവരാജ് സിംഗിന് അധികകാലം ഇന്ത്യൻ ടീമിൽ തുടരാനായില്ല. പഴയ ഫോമിന്റെ ഏഴയലത്തും എത്താനും സാധിച്ചില്ല. 2019 ജൂൺ 10ന് ഔദ്യോഗികമായി വിരമിക്കലും പ്രഖ്യാപിച്ചിരുന്നു. അതേവർഷം തന്നെയാണ് ഐപിഎല്ലിലും അവസാനമായി കളിക്കുന്നത്. യുവരാജിന്റെ രണ്ടാം വരവിൽ കോലിയുടെ തീരുമാനങ്ങളും പിടിവാശിയുമാണ് താരത്തിന്റെ വഴിയടച്ചതെന്നാണ് റോബിൻ ഉത്തപ്പ വെളിപ്പെടുത്തുന്നത്.
വിരാട് കോലിയുടെ ക്യാപ്റ്റൻ സി മറ്റൊരു തരത്തിലാണ്. അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് മറ്റ് താരങ്ങൾ എത്തേണ്ടിവരും. കായികക്ഷമത, ഭക്ഷണ രീതി എന്നിവയിലെല്ലാം. രണ്ടുതരം ലീഡർമാരുണ്ട്. ഒന്ന് തന്റെ നിലവാരത്തിൽ എത്തുക. അല്ലെങ്കിൽ പുറത്തിരിക്കുക. മറ്റേത് നിങ്ങളിലെ കുറവുകൾ മനസിലാക്കി പരിഹരിച്ച് ഒപ്പം നിർത്തുന്ന നായകർ. രോഹിത് ശർമ അത്തരത്തിലാണ്. രണ്ടു രീതികൾക്കും ഗുണവും ദോഷവുമുണ്ട്.
കാൻസറിനെ അതിജീവിച്ച് അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് തിരികെയെത്താൻ ശ്രമിക്കുകയായിരുന്നു യുവി. അദ്ദേഹമാണ് നമുക്ക് രണ്ടു ലോകകപ്പ് നൽകുന്നതിൽ നിർണായക പങ്കുവഹിച്ചത്. യുവരാജ് ടീമിലേക്ക് തിരിച്ചുവരുമ്പോൾ. ടീമിന്റെ പുറത്ത് നിന്നൊരാൾ വരുമ്പോൾ കോലിക്കും മറ്റും ഫിറ്റ്നസിൽ ചില നിർബന്ധങ്ങളുണ്ടായിരുന്നു. രോഗത്തെ അതിജീവിച്ച് വലിയ വെല്ലുവിളികൾ മറികടന്നു വന്ന യുവരാജ് ഫിറ്റ്നസ് ടെസ്റ്റ് ലെവലിൽ രണ്ടു പോയിൻ്റ് ഇളവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്യാപ്റ്റനായിരുന്ന കോലിയും മാനേജ്മെന്റും ഇത് അനുവദിച്ചില്ല. അദ്ദേഹം ടെസ്റ്റ് പാസായി ടീമിലെത്തിയെങ്കിലും നല്ല പ്രകടനം നടത്താനായില്ല. അദ്ദേഹം ടീമിന് പുറത്തായി. ആരും അദ്ദേഹത്തെ പരിഗണിച്ചില്ല. യുവരാജിനെ പോലൊരാൾക്ക് അല്പം കൂടി സമയം നൽകാമായിരുന്നു. —–ഉത്തപ്പ പറഞ്ഞു.