മള്ളിയൂർ: അന്തരിച്ച ഗായകൻ പി ജയചന്ദ്രന് പ്രണാമം അർപ്പിച്ച് മള്ളിയൂർ. ഒരു കുടുംബാംഗത്തെ നഷ്ടപ്പെട്ട ദുഃഖത്തിലാണ് മള്ളിയൂരെന്ന് ഇല്ലത്തെ ഇളംതലമുറക്കാരായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും മള്ളിയൂർ ദിവാകരൻ നമ്പൂതിരിയും പറഞ്ഞു. മള്ളിയൂർ ഗണേശ സംഗീതോത്സവം ആരംഭിച്ചപ്പോൾ വേദിയെ ധന്യമാക്കാൻ അദ്ദേഹവും എത്തിയിരുന്നു. പ്രത്യേക സ്‌നേഹവും കരുതലും അദ്ദേഹത്തിന് എന്നും മള്ളിയൂരിനോട് ഉണ്ടായിരുന്നുവെന്നും ഓർമ്മകുറിപ്പിൽ ഇരുവരും പറഞ്ഞു.
മള്ളിയൂർ ക്ഷേത്രവും അച്ഛൻ തിരുമേനിയുമായി അഭേദ്യമായ ബന്ധമായിരുന്നു പി ജയചന്ദ്രന് ഉണ്ടായിരുന്നത്. മനയിലും ക്ഷേത്രത്തിലും എത്രയോ തവണ ആ മഹാ ഗായകൻ വന്നുപോയി. മയിൽപ്പിലീ തണ്ടുപോലെ ഹൃദയത്തെ തഴുകി ഉണർത്തുന്ന ഓർമകൾ. ഇപ്പോൾ മള്ളിയൂരിലെ ഗണേശ സംഗീതോത്സവത്തിനിടെയാണ് ജയചന്ദ്രൻ വിടവാങ്ങുന്നത്. അതു വല്ലാത്ത സങ്കടമാണ്. ഒരു കുടുംബാംഗത്തെ നഷ്ടമായ ദു:ഖമാണ് മള്ളിയൂരിന്. മലയാളത്തിന്റെ മഹാനഷ്ടത്തിൽ പങ്കുചേരുന്നു. മൺമറഞ്ഞ മഹാഗായകനെ ആദരപൂർവ്വം പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ദീപ്തമായ ഓർമ്മകൾക്കു മുമ്പിൽ ഒരിക്കൽ കൂടി പ്രണമിക്കുന്നുവെന്നും അനുശോചന കുറിപ്പിൽ ഇരുവരും പറഞ്ഞു.
ക്ഷേത്ര പരിപാടിക്കായി ക്ഷണിച്ചപ്പോൾ തന്നെ അത് സ്വീകരിച്ചു. തീയതി പ്രത്യേകം കുറിച്ചുവച്ചു. സംഗീതോത്സവത്തിൽ വന്നു മനസുതുറന്നുപാടി. ക്ഷേത്രത്തിൽ തൊഴാനെത്തുമ്പോഴെല്ലാം അദ്ദേഹം ഇഷ്ടമൂർത്തിയായ ഗണേശന് ഗാനാർപ്പണം നടത്തി. ഗണേശമന്ത്രമോ സ്തുതിയോ ആ ചുണ്ടിലുണ്ടാവും. അങ്ങനെയാണ് ഭഗവാനെ പ്രദക്ഷിണം ചെയ്തിരുന്നത്.
തന്റെ ഉപാസനമൂർത്തിയായ ഗുരുവായൂർ ക്ഷേത്രവും മള്ളിയൂർ അച്ഛൻ തിരുമേനിയുമായുളള ആത്മ ബന്ധം സംഭാഷണത്തിൽ എടുത്തു പറയുമായിരുന്നു. ഗുരുപവനപുരിയിലെത്തുമ്പോഴുളള അതേ ആഹ്‌ളാദമാണ് ഈ ക്ഷേത്രസന്നിധിയും തനിക്ക് നൽകുന്നതെന്നും പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിയാണ് ഇവിടെ എത്തുമ്പോൾ തനിക്കെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മള്ളിയൂരിലെ സംഗീത വേദിയിലും മഹാഗണപതി സ്‌ത്രോത്രങ്ങളും കീർത്തനങ്ങളുമാണ് അദ്ദേഹം കൂടുതലായി പാടിയിരുന്നത്. മഹാഗണപതിയെ സ്തുതിച്ച് നിരവധി ഗാനങ്ങളാണ് ജയചന്ദ്രൻ ആലപിച്ചിട്ടുളളത്. അദ്ദേഹം പാടി പ്രശസ്തമായ പല ആൽബത്തിലെ ഗാനങ്ങളും മള്ളിയൂരിൽ അവതരിപ്പിച്ചു. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മാസ്റ്റർപീസായ ഗുരുവായൂരപ്പന്റെ ഭക്തിഗാനങ്ങൾ. ടി. എസ് രാധാകൃഷ്ണൻജിക്ക് ഒപ്പമാണ് ജയചന്ദ്രൻ മള്ളിയൂരിൽ ആദ്യമായി എത്തുന്നത്. സംഗീതോത്സവത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് വൈഷ്ണവ ഗണപതി ദർശനത്തിനായി മാത്രം എത്തിയിട്ടുണ്ടെന്നും കുടുംബം ഓർത്തെടുക്കുന്നു.