തൃശൂർ: പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്ഐ വിജിത്ത് കെ. വിജയനെതിരെ വീണ്ടും നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് ക്രൈംബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. തൃശൂർ സിറ്റി ക്രൈംബ്രാഞ്ചിലേക്കാണ് വിജിത്തിനെ സ്ഥലം മാറ്റിയത്.
വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് നേരത്തെ ചാവക്കാട് നിന്ന് പേരാമംഗലത്തേക്ക് എസ്ഐയെ സ്ഥലം മാറ്റി വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രമസമാധാന ചുമതലയിൽ മാറ്റിയ നടപടിയുണ്ടായത്.
ക്രിസ്മസിനോടനുബന്ധിച്ചുള്ള പാതിരാകുർബാനയ്‌ക്ക് മുന്നോടിയായി പാലയൂർ സെന്റ് തോമസ് തീർത്ഥാടന കേന്ദ്രത്തിൽ നടന്ന ആഘോഷത്തിനിടെ ആയിരുന്നു വിവാദത്തിനാസ്പദമായ സംഭവം. പരിപാടിയിൽ മൈക്ക് ഉപയോഗിക്കാൻ അനുമതി ഇല്ലെന്ന് പറഞ്ഞ് ക്രിസ്മസ് ആഘോഷം പൊലീസ് തടയുകയായിരുന്നു. ക്രിസ്മസ് വിളക്കുകളും നക്ഷത്രങ്ങളുമൊക്കെ തൂക്കി എറിയുമെന്ന് ഉൾപ്പെടെ എസ്‌ഐ ഭീഷണി മുഴക്കി. പള്ളി ഭാരവാഹികൾ വിളിച്ചു പറഞ്ഞതനുസരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ട് എസ്‌ഐക്ക് ഫോൺ കൊടുക്കാൻ പറഞ്ഞെങ്കിലും ഇയാൾ സംസാരിക്കാൻ തയ്യാറായിരുന്നില്ല.
ഇതോടെ ക്രിസ്മസ് ആഘോഷം മുടങ്ങുകയായിരുന്നു.
സംഭവത്തിൽ വിശ്വാസികൾ വൻ പ്രതിഷേധം രേഖപ്പെടുത്തിയതോടെ മാദ്ധ്യമങ്ങളിൽ വാർത്തയാവുകയും പൊലീസിന് നാണക്കേടാവുകയും ചെയ്തു. തുടർന്നായിരുന്നു എസ്ഐയ്‌ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.