ന്യൂഡൽഹി: സ്‌പേയ്‌ഡെക്സ് ദൗത്യത്തിലെ ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം 15 മീറ്റർ മാത്രം. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങിയെന്ന് ഐഎസ്ആർഒ അറിയിച്ചു. ഇസ്രോയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് നിർണായക വിവരം പങ്കുവച്ചിരിക്കുന്നത്. ചേസറും ടാർഗറ്റും പകർത്തിയ ചിത്രങ്ങളും പങ്കുവച്ചു.
ഉപഗ്രഹങ്ങൾ നിലവിൽ ശാന്തസമുദ്രത്തിന് മുകളിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഐഎസ്ആർഒ ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വർക്കിന്റെ അകത്തേക്ക് ഉപഗ്രഹങ്ങൾ പ്രവേശിച്ച ശേഷമായിരിക്കും ഡോക്കിംഗ് നടക്കുക.
SpaDeX Docking Update:
SpaDeX satellites holding position at 15m, capturing stunning photos and videos of each other! 🛰️🛰️
#SPADEX #ISRO pic.twitter.com/RICiEVP6qB
— ISRO (@isro) January 12, 2025
ഉടൻ തന്നെ ദൗത്യം അതിന്റെ നിർണായകഘട്ടത്തിലേക്ക് എത്തുമെന്ന് ഇസ്രോ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ 105 മീറ്റർ അകലം നിലനിർത്തിക്കൊണ്ട് ചിത്രങ്ങൾ പകർത്തിയിരുന്നു. ആ ചിത്രങ്ങളും ഇസ്രോ എക്സിൽ പങ്കുവച്ചിട്ടുണ്ട്. ഇന്നലെ 230 മീറ്റർ അകലത്തിലാണ് ഉപഗ്രഹങ്ങൾ ഉണ്ടായിരുന്നത്. രണ്ട് തവണ പേടകങ്ങളെ അടുപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് 230 അകലത്തിലേക്ക് പേടകങ്ങളെ എത്തിച്ചത്.