ന്യൂഡൽഹി: ഭാവിയിൽ കരസേനയ്ക്ക് കൂടുതൽ വനിതാ ഓഫീസർമാരും കൂടുതൽ റാങ്കുകളും ഉണ്ടാകുമെന്ന് കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പ്രതിരോധ മേഖല അനുയോജ്യമാണെന്ന് വനിതകൾ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ 60-ഓളം വനിതാ കേഡറ്റുകളും ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ 120-ഓളം വനിതാ കേഡറ്റുകളുമുണ്ട്. ദയ, വിനയം എന്നിവയ്ക്ക് പുറമേ കരുത്തും തെളിയിച്ചവരാണ് അവരെന്നും കരസേന മേധാവി പ്രശംസിച്ചു. വളരെ മികച്ച പ്രവർത്തനമാണ് അവർ കാഴ്ച വയ്ക്കുന്നത്. ലിംഗഭേദമില്ലാതെ ഓഫീസർമാരെ തെരഞ്ഞെടുക്കുന്നത് വൈകാതെ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് സുരക്ഷിതത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കാനായി പ്രത്യേക അന്തരീക്ഷം സൃഷ്ടിച്ച് വനിതാ പങ്കാളിത്തം വർദ്ധിപ്പിക്കും. നിർണായകമായ വിഭാഗങ്ങളിലേക്ക് അവരെ നിയമിക്കും. ആയുധങ്ങളുടെ ചുമതലയുള്ള ഗാർഡിയൻ ഫോഴ്സിൽ വരെ വനിതാ സാന്നിധ്യമുണ്ടാകും. സമീപഭാവിയിൽ ഒരു ദിവസം സേവനമനുഷ്ഠിക്കുന്നവരിൽ 2,000 പേരും ഭാവിയിൽ 8,000 പേരും വനിതകളാകുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
ഭാവിയിൽ സൈന്യത്തിന് അത്യാധുനിക ആയുധ സംവിധാനമുണ്ടാകുമെന്നും കരസേന മേധാവി പറഞ്ഞു. ആൻ്റി-ഡ്രോൺ സംവിധാനങ്ങൾ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ലേസർ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ആയുധങ്ങൾ ഡിആർഡിഒ വികസിപ്പിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളോട് വിദേശരാജ്യങ്ങൾ താത്പര്യം പ്രകടിപ്പിക്കുന്നത് ഭാരതത്തിന്റെ മികവിലേക്ക് വിരൽ ചൂണ്ടുന്നു.