തൃശൂർ: വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ബീഡി കച്ചവടം നടത്തി ജയിൽ ജീവനക്കാരൻ അറസ്റ്റിൽ. അസിസ്റ്റന്റെ് പ്രിസണർ ഷംസുദ്ദീൻ കെ. പി ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പരിശോധനാ സംഘം ഷംസുദ്ദീനെ കയ്യോടെ പിടികൂടുകയായിരുന്നു. നേരത്തെ വിയ്യൂർ സബ് ജയിലിലായിരിക്കെ അരി മറിച്ചു വിറ്റതിന് ഇതേ ഉദ്യോഗസ്ഥൻ നടപടി നേരിട്ടിരുന്നു
തടവുകാർക്കു കൈമാറാൻ ഷൂസിനുള്ളിൽ ഒളിപ്പിച്ചായിരുന്നു ഷംസുദ്ദീൻ ബീഡികെട്ടുകൾ ജയിൽ എത്തിച്ചിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാൾക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. 20 ചെറിയ പാക്കറ്റ് ഉൾപ്പെട്ട ഒരു കെട്ട് ബീഡിക്ക് 4,000 രൂപയാണ് ഈടാക്കിയതെന്ന് തടവുകാർ വെളിപ്പെടുത്തി. തടവുകാരുടെ ബന്ധുക്കൾ ഓൺലൈനായി പണം നൽകിയാൽ അടുത്ത ദിവസം ഇയാൾ ബീഡിയുമായി എത്തുന്നതാണ് രീതി.
തീവ്രവാദക്കേസുകളിലെ പ്രതികളെയടക്കം പാർപ്പിക്കുന്ന അതിസുരക്ഷ ജയിലിലാണ് വൻ സുരക്ഷ വിഴ്ചയുണ്ടായത്. യുഎപിഎ, എൻഐഎ കേസുകളിലെ പ്രതികളടക്കം ഇവിടെയുണ്ട്. ഒരു വർഷം മുമ്പും ജയിലിൽ ബീഡി കച്ചവടം നടത്തിയ ജീവനക്കാരെ പിടികൂടിയിരുന്നു.