ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാന അതിഥിയായി ഭാരതത്തിലേക്കെത്തുക ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. ഇക്കാര്യം കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സുബിയാന്തോ ഇന്ത്യയിലെത്തുന്നത്. ഇതുസംബന്ധിച്ച സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വ്യാഴാഴ്ചയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
73-കാരനായ സുബിയാന്തോ മുൻ ആർമി ജനറലാണ്. 2024 ഒക്ടോബറിലായിരുന്നു ഇദ്ദേഹം ഇന്തോനേഷ്യൻ പ്രസിഡന്റായി അധികാരമേറ്റത്. ജനുവരി 25, 26 ദിവസങ്ങളിൽ സുബിയാന്തോ ഭാരതത്തിലുണ്ടാകുമെന്നും പ്രസിഡന്റായതിന് ശേഷം നടത്തുന്ന ആദ്യ ഇന്ത്യാസന്ദർശനമാണിതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളത്. സമഗ്രപരവും, തന്ത്രപവുമായ പങ്കാളി എന്ന നിലയിൽ ഇന്തോനേഷ്യയെന്ന രാജ്യം ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആയിരുന്നു പ്രധാന അതിഥി. 2023ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത എൽ-സിസിയും പ്രത്യേക അതിഥിയായെത്തി ചടങ്ങിനെ ഊഷ്മളമാക്കി. കൊവിഡിനെ തുടർന്ന് 2021, 22 വർഷങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പ്രധാന അതിഥികൾ ഉണ്ടായിരുന്നില്ല. 2020ൽ ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൾസനാരോ ആയിരുന്നു അതിഥി.