ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്‌ക്ക് വമ്പൻ തിരിച്ചടി. സ്റ്റാർ പേസർ പരിക്കേറ്റ് പുറത്തായി. ആന്റിച്ച് നോര്‍ജെയാണ് ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് പുറത്തായത്. പുറത്തേറ്റ പരിക്കിനെ തുടർന്നാണ് താരത്തിന് ചാമ്പ്യൻസ് ട്രോഫി നഷ്ടമാകുന്നത്. ടി20 ലോകകപ്പ് ഫൈനലിന് ശേഷം താരം ഇതുവരെ ഒരു അന്താരാഷ്‌ട്ര മത്സരം കളിച്ചിട്ടില്ല. പാകിസ്താനെതിരെയുള്ള പരമ്പരയിൽ ടീമിൽ ഇടംപിടിച്ചെങ്കിലും നെറ്റ്സിലെ പരിശീലനത്തിനിടെ കാൽവിരലിന് പൊട്ടലേറ്റ് ടീമിൽ നിന്ന് പുറത്തായിരുന്നു.
ദക്ഷിണാഫ്രിക്കൻ ടി20 ലീഗിലും താരത്തിന് കളിക്കാനായിരുന്നില്ല. പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ താരമായിരുന്നു ആന്റിച്ച് നോര്‍ജെ.താരത്തിന്റെ പകരക്കാരനെ ഉടൻ ദക്ഷിണാഫ്രിക്ക പ്രഖ്യാപിക്കും. ജെറാൾഡ് കോർട്സീയാകും താരത്തിന്റെ പകരക്കാരനാവുകയെന്നാണ് റിപ്പോർട്ട്.
കോർട്സീക്ക് ശ്രീലങ്കൻ ടെസ്റ്റ് പരമ്പരയ്‌ക്കിടെ ഗ്രോയിൻ ഇഞ്ച്വറിയുണ്ടായിരുന്നു. താരം തിരിച്ചുവരവിന്റെ പാതയിലാണ്. സ്കാനിംഗിന് ശേഷമാണ് നോർജെയെ ടീം പ്രഖ്യാപനത്തിന് ശേഷം ടീമിൽ നിന്ന് ഒഴിവാക്കിയത്. സ്ഥിരതയുള്ള പ്രകടനം പുറത്തെടുക്കുന്ന താരമാണ് വലം കൈയനായ നോർജെ. താരത്തിന്റെ അഭാവം പ്രോട്ടീസിന് തിരിച്ചടിയാകും.