തൃശൂർ: ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട നാലുപേരും മരിച്ചു. കാണാതായ നാലാമത്തെ ആളുടെ മൃതദേഹം രാത്രിയോടെ കണ്ടെടുത്തതിന് പിന്നാലെ പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. കബീർ-ഷാഹിന ദമ്പതികളുടെ മകൾ സെറ(10) യുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. ചെറുതുരുത്തി സ്വദേശികളായ കബീർ (47), ഷാഹിന (35) ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ (12) എന്നിവരാണ് മരണപ്പെട്ട മറ്റ് മൂന്നുപേർ.
ഭാരതപ്പുഴയുടെ ചെറുതുരുത്തി പൈങ്കുളം ശ്‌മശാനം കടവിലാണ് അപകടമുണ്ടായത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.കുട്ടികൾ കടവിനോട് ചേർന്നുള്ള തീരത്ത് കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷിക്കാനിറങ്ങിയ ഷാഹിനയും കബീറും ഇവർക്കൊപ്പം ഒഴുക്കിൽപ്പെടുകയായിരുന്നു. ഷാഹിനയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഷൊർണൂർ ഫയർഫോഴ്‌സും ചെറുതുരുത്തി പൊലീസും നാട്ടുകാരും ചേർന്നാണ് ശേഷിച്ച മൂവരെയും കണ്ടെത്തിയത്. മരിച്ച ഫുവാദ് സനിൻ ചേലക്കര സ്വദേശിയായ ജാഫർ- ഷഫാന ദമ്പതികളുടെ മകനാണ്.