എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്തേക്ക് പോയ സുനിതാ വില്യംസും സഹപ്രവർത്തൻ നിക്ക് ഹേഗും സാങ്കേതിക തകരാറിനെ തുടർന്ന് ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിയിട്ട് നാളേറെയായി. കഴിഞ്ഞ ഏഴ് മാസമായി ISS-ൽ തങ്ങുകയാണ് ഇരുവരും. മടങ്ങിവരവിന്റെ കാര്യത്തിൽ തീരുമാനമാകും വരെ നിലയത്തിൽ അല്ലറ ചില്ലറ ഗവേഷണങ്ങളും മറ്റുമായി കഴിയുന്ന സുനിത അവിടുത്തെ അറ്റകുറ്റപ്പണികളും ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി സ്പേസ് വാക്കിന് ‘പുറത്ത്’ ഇറങ്ങിയിരിക്കുകയാണ് സുനിതയും ഹേഗും.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ രണ്ട് പേരുടെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ആറര മണിക്കൂർ നീണ്ട ബഹിരാകാശ നടത്തമാണ് ഇരുവരുടെയും ലക്ഷ്യം. സുനിതയുടെ കരിയറിലെ എട്ടാമത്തെ സ്പേസ് വാക്ക് ആണിത്. ഹേഗിന്റെ നാലാമത്തേതും. ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയോടെയാണ് നടത്തം ആരംഭിച്ചത്. ഇതിന്റെ തത്സമയ ദൃശ്യങ്ങൾ നാസയുടെ യൂട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നുമുണ്ട്.
ബഹിരാകാശ നിലയത്തിന്റെ ക്രിട്ടിക്കൽ ഹാർഡ് വെയർ മാറ്റി പുതിയത് സ്ഥാപിക്കുക, എക്സ്റേ ടെലിസ്കോപിന്റെ ന്യൂട്രോൺ സ്റ്റാർ ഇന്റീരിയർ കംപോസിഷൻ എക്സ്പ്ലോററിൽ (NICER) അറ്റകുറ്റപ്പണി നടത്തുക എന്നതാണ് സുനിതയുടെ ബഹിരാകാശ നടത്തത്തിന്റെ പ്രധാന ഉദ്ദേശ്യം. 2023 മെയ് മാസം മുതൽ NICERന് ചില പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ന്യൂട്രോൺ സ്റ്റാറുകളെ നിരീക്ഷിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് NICER.
NICERന്റെ അറ്റകുറ്റപ്പണി കൂടാതെ മറ്റ് ചില ജോലികളും സുനിതയും ഹേഗും ചെയ്യുന്നുണ്ട്. കാലാവധി കഴിഞ്ഞ റേഡിയോ കമ്യൂണിക്കേഷൻ സംവിധാനം എടുത്തുമാറ്റുക, നിലയത്തിന്റെ പുറംകവചത്തിൽ നിന്ന് കുറച്ച് മൈക്രോബയൽ സാമ്പിളുകൾ ശേഖരിക്കുക എന്നീ കാര്യങ്ങൾ ഇരുവരും ചെയ്യും.
12 വർഷത്തിന് ശേഷമാണ് സുനിത ബഹിരാകാശ നടത്തം ചെയ്യുന്നതെന്ന പ്രത്യേകതയും ഈ നടത്തിനുണ്ട്. ജനുവരി 16-ലെ നടത്തത്തിന് ശേഷം രണ്ടാമത്തെ നടത്തം ജനുവരി 23-നാണ് നിശ്ചയിച്ചിരിക്കുന്നത്.