വിഎസ് കൃഷ്ണരാജ്
ആഭ്യന്തരക്രിക്കറ്റിൽ തകർത്തുകളിച്ച് മലയാളികളുടെ സ്വന്തം കരുൺനായർ. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് ഇന്നിംഗ്സുകളിൽഅഞ്ചിലും സെഞ്ച്വറിയടിച്ചു താരം. ഈ മികവിനെ ഇന്ത്യൻ സെലക്ടർമാർ പരിഗണിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പാണിനി.8 വർഷങ്ങൾക്ക് മുൻപ് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നിന്നുയർന്നുകേട്ട ഒരു പേരുണ്ട്. അന്ന് ഇംഗ്ലണ്ടിനെതിരായ അഞ്ചാംടെസ്റ്റിൽ ട്രിപ്പിൾ സെഞ്ചുറിയടിച്ച കരുൺ നായർക്ക് പിന്നാലെ പോയി ആരാധകർ. അതിനുശേഷം താഴേക്ക് പോയി കരുണിന്‍റെ മികവ്. കരിയറിന്‍റെ വീഴ്ചയിൽ രണ്ടുവർഷം മുൻപ് കരുൺ കുറിച്ച വാക്കുകൾ ഇങ്ങനെ. ഡിയർ ക്രിക്കറ്റ്, ഗിവ് മി വൺ മോർ ചാൻസ്.
ആ വരികൾ അക്ഷരാർത്ഥത്തിൽ അടിവരയിടുകയാണ് കരുണിപ്പോൾ. വിജയ് ഹസാരെ ട്രോഫിയിൽ ഉയർന്നുകേൾക്കുന്ന ഒറ്റപ്പേരിപ്പോൾ അയാളുടേതാണ്. വിദർഭക്കായി ഏഴുകളികളിൽ നിന്ന് അഞ്ച് സെഞ്ച്വറികൾ. 112, 44, 163, 111, 112, 122, 88. ആകെ 752 റൺസ്. ആറിലും നോട്ടൗട്ട്. സെമിയിൽ 88 റൺസടിച്ചത് 44 പന്തുകളിൽ. വിജയ് ഹസാരെയിൽ 700ന് മുകളിൽ സ്കോർ കണ്ടെത്തുന്ന ആദ്യ ക്യാപ്റ്റൻ.
മറികടന്നത് 2022ലെ ഋതുരാജ് ഗെയ്ക്‌വാദിന്‍റെ 660 റൺസെന്ന നേട്ടം. ആഭ്യന്തര ക്രിക്കറ്റിൽ കർണാടക താരമായിരുന്ന കരുൺ
വിദർഭയിലെത്തിയത് കൂടുതൽ പരിഗണന തേടി. കഴിഞ്ഞ സീസൺ രഞ്ജിയിലും ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും നന്നായി കളിച്ചു.ഇനിയൊരു ചോദ്യം. ഫോമിലല്ലാത്തവർ ആഭ്യന്തരക്രിക്കറ്റിൽ പോയി തിളങ്ങിവരൂ എന്ന്വിരൽചൂണ്ടുന്നവർ ആഭ്യന്തരക്രിക്കറ്റിലെ കരുണിന്‍റെ സമ്പൂർണമികവിനെ അംഗീകരിച്ച് ഇന്ത്യൻ ടീമിലെടുക്കുമോ? മലയാളികളുടെ സ്വന്തം കരുണിനെ ഇന്ത്യൻ കുപ്പായത്തിൽ വീണ്ടും കാണാൻ ആഗ്രഹിക്കാതെ വയ്യല്ലോ.