ചാളച്ചാകര, അയലച്ചാകര, ചെമ്മീൻച്ചാകര.. ദേ ഇപ്പോൾ കോഴിച്ചാകരയും.. മീൻ ചാകര സുപരിചതമാണെങ്കിലും ഇറച്ചി ചാകരയെക്കുറിച്ച് നാം കേട്ടിരിക്കില്ല. കോട്ടയം നാഗമ്പടത്താണ് കോഴിച്ചാകരയുണ്ടായത്. വന്നവരും പോയവരുമെല്ലാം ഇറച്ചിക്കോഴികളെ ചാക്കിലാക്കി കൊണ്ടുപോയി. കോഴികൾ ചാകരയായി മാറിയതിങ്ങനെ..
മൂവാറ്റുപുഴയിലെ സ്വകാര്യ ചിക്കൻ സെന്റററിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ലോറി കോട്ടയം നാഗമ്പടത്ത് വച്ച് മറിയുകയായിരുന്നു. 1700ഓളം ഇറച്ചിക്കോഴികളാണ് ലോറിയിലുണ്ടായിരുന്നത്. വാഹനം മറിഞ്ഞതോടെ കോഴികൾ നിരത്തിലേക്ക് പതിക്കുകയും ആയിരത്തോളം എണ്ണം ചത്തുപോവുകയും ചെയ്തു. ഡ്രൈവറും രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ഇവർക്ക് നിസാര പരിക്കേറ്റു.
റോഡിലേക്ക് തെറിച്ചുവീണ കോഴികളിൽ ഏകദേശം അഞ്ഞൂറെണ്ണത്തിന് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. ഇവയെ ലോറിക്കാർ കൊണ്ടുപോയപ്പോൾ ചത്ത കോഴികൾ അവിടെ കിടന്നു. പുലർച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്.
അപകടവിവരമറിഞ്ഞ് എത്തിയ നാട്ടുകാരും വഴിപോക്കരും മടിച്ചുനിൽക്കാതെ കോഴികളെ വാരിക്കൂട്ടി. ചിലർ കൈകളിൽ തൂക്കിയെടുത്ത് പോയപ്പോൾ മറ്റ് ചിലർ കാറിന്റെ ഡിക്കിയിൽ നിറച്ചും കോഴിച്ചാകര ആഘോഷിച്ചു. കവറിലും ചാക്കിലും നിറച്ച് കൊണ്ടുപോയവരുണ്ട്. അങ്ങനെ റോഡരികിലെ കോഴിച്ചാകര നാട്ടുകാർ കാലിയാക്കി.