തിരുവനന്തപുരം: വിവാഹത്തട്ടിപ്പ് നടത്തി സ്വർണ്ണവും പണവും കവർന്ന 31 കാരൻ പിടിയിൽ. താനിമൂട് സ്വദേശി നിതീഷ് ബാബുവിനെയാണ് വർക്കല പൊലീസ് പിടികൂടിയത്. അഞ്ചാം വിവാഹം കഴിക്കാനിരിക്കെയായിരുന്നു അറസ്റ്റ്. നഗരൂർ സ്വദേശിനിയായ നാലാം ഭാര്യയുടെ ഇടപെടലാണ് തട്ടിപ്പ് വിരനെ അഴിക്കുള്ളിലാക്കിയത്.
2014ൽ വർക്കല ചെറുന്നിയൂർ സ്വദേശിനിയെ ആണ് ആദ്യം വിവാഹം കഴിച്ചത്. തുടർന്ന് വർക്കലയിലും പരിസര പ്രദേശങ്ങളിലുമായി മൂന്ന് കല്യാണം കൂടി കഴിച്ചു. ഓരേ സമയം നാല് യുവതികളുടെ ഭർത്താവായി കഴിയുന്നതിനിടെയാണ് അഞ്ചാമത്തെ വിവാഹത്തിന് തയ്യാറെടുത്തത്.
ഈ വിവരം നാലമത്തെ ഭാര്യ അറിയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആറ്റിങ്ങലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് നാലാം ഭാര്യ. ഇതേ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നിതീഷ്. ഇവിടെ വച്ചുണ്ടായ സൗഹൃദം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. വിവാഹത്തിന് ശേഷം ഇയാൾ വിവിധ ബാങ്കുകളിൽ നിന്ന് യുവതിയെ കൊണ്ട് ലോൺ എടുപ്പിച്ചും സ്വർണ്ണം വിറ്റും പണം കൈക്കലാക്കിയിരുന്നു. ഒടുവിൽ യുവതിയുടെ പേരിലുള്ള സ്വത്തുക്കൾ വിൽക്കണമെന്ന് ആവശ്യപ്പെട്ടതോടെ തർക്കം തുടങ്ങി. പിന്നാലെ താൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുകയാണെന്ന് പറഞ്ഞ് ഒരു പെൺകുട്ടിയുടെ ഫോട്ടോ അയച്ചുകൊടുക്കയും ചെയ്തു. അതിനിടെ കഴിഞ്ഞ് ജനുവരി 13 ന് യുവതി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ നിതീഷ് റോഡിൽ വെച്ച് കയ്യേറ്റം ചെയ്യുകയും ബലമായി വീട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണത്തിനിടെയാണ് വിവാഹത്തട്ടിപ്പിന്റെ വിവരം പുറത്ത് വന്നത്.
രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോൾ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങി നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. . 20 പവനോളം സ്വർണ്ണാഭരണങ്ങളും 8 ലക്ഷം രൂപയും പ്രതി കബളിപ്പിച്ചു കൈക്കലാക്കിയെന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നത്.















